
മൂന്നാര്‍: ഡ്യൂട്ടി സമയത്തു കിടന്നുറങ്ങിയ രണ്ട് കെഎസ്ആര്‍ടിസി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. മൂന്നാര്‍ ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ വി.വി.മനോജ്, ബജറ്റ് ടൂറിസം സെന്ററിലെ ജീവനക്കാരന്‍ കെ.എന്‍.മനോജ് എന്നിവരെയാണ് കെഎസ്ആര്‍ടിസി എംഡി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണു തിരുവനന്തപുരത്തു നിന്നെത്തിയ മൂന്നംഗ വിജിലന്‍സ് സംഘം ഡിപ്പോയില്‍ പരിശോധന നടത്തിയത്.
രാത്രിയില്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക, ഫോണ്‍ വിളിക്കുന്നവര്‍ക്കു മറുപടി നല്‍കുക തുടങ്ങിയ ജോലി ചെയ്യേണ്ട സ്റ്റേഷന്‍ മാസ്റ്ററാണു കിടന്നുറങ്ങുന്നതായി കണ്ടെത്തിയത്.
അന്നു നടത്തിയ മറ്റൊരു പരിശോധനയില്‍ രാത്രി മൂന്നാറില്‍ നിന്നു തിരുവനന്തപുരത്തേക്കു പോയ ബസില്‍ 8 യാത്രക്കാരില്‍ നിന്നു ടിക്കറ്റ് നല്‍കാതെ കണ്ടക്ടര്‍ പണം വാങ്ങിയെന്നും കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരെയുള്ള നടപടി ഉടനുണ്ടാകും.