FeaturedHome-bannerNationalNews

ഉന്നാവ് പീഡനക്കേസ് ഇരയുടെ വീടിന് തീവെച്ചു,അതിക്രമം പരാതി പിന്‍വലിയ്ക്കാന്‍ അതിജീവിത വിസമ്മതിച്ചതോടെ;ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍

ഉന്നാവ്: ഉത്തർപ്രദേശിലെ ഉന്നാവിൽ കഴിഞ്ഞ വർഷം പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിനു തീവെച്ചു. പീഡനത്തിനിരയായി പ്രസവിച്ച 11കാരിയുടെ വീടിനാണ് പ്രതികൾ തീവച്ചത്. തീ കത്തിയതോടെ വീടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ടും ആറും മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റു. കേസ് പിൻവലിക്കാൻ അതിജീവിത വിസമ്മതിച്ചതാണ് തീവയ്‌പ്പിന് കാരണം.

പീഡനക്കേസ് പിൻവലിക്കാൻ വിസമ്മതിച്ച പെൺകുട്ടിയെയും അമ്മയെയും വീട്ടിൽ കയറി മർദിച്ച പ്രതികൾ ഓലമേഞ്ഞ വീടിനു തീവയ്ക്കുകയായിരുന്നു. അതിജീവിതയുടെ 6 മാസം പ്രായമുള്ള കുഞ്ഞിനും 2 മാസം പ്രായമുള്ള സഹോദരിക്കുമാണ് പൊള്ളലേറ്റത്. 40% പൊള്ളലേറ്റ ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി കാൻപുരിലേക്ക് കൊണ്ടുപോയി. പീഡനക്കേസിലെ രണ്ട് പ്രതികൾ കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

ദലിത് വിഭാഗത്തിൽപെട്ട പെൺകുട്ടി 2022 ഫെബ്രുവരിയിലാണ് പീഡനത്തിനിരയായത്. സെപ്റ്റംബറിൽ ഈ പെൺകുട്ടി പ്രസവിച്ചു. പെൺകുട്ടിയുടെ കുടുംബം പ്രതികൾക്കെതിരെ കേസു നൽകി മുന്നോട്ട് പോയി. ഇതാണ് പ്രകോപനമായത്. പ്രതികൾക്കൊപ്പം ചേർന്ന അവളുടെ ബന്ധുക്കളും കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ മാസം 13ന് ഇവർ പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ചതായി പറയുന്നു.

2017 ലെ ഉന്നാവ് പീഡനക്കേസുമായി സാമ്യമുള്ളതാണ് ഇപ്പോഴത്തെ സംഭവം. ബങ്കർമൗവിൽ നിന്നുള്ള എംഎൽഎയായ കുൽദീപ് സിങ് സെൻഗറിനും സഹോദരനും എതിരെ കൂട്ടബലാത്സംഗം ആരോപിച്ചു പതിനെട്ടുകാരിയാണ് അന്നു പരാതി നൽകിയത്.

പെൺകുട്ടിയുടെ പിതാവിനെ പൊലീസും എംഎൽഎയുടെ സഹോദരന്മാരും ചേർന്ന് ക്രൂരമായി മർദിച്ചു. തുടർന്നു പിതാവു മരിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ, 2019 ഡിസംബറിൽ സെൻഗറിനു ജീവപര്യന്തം തടവും പിഴയും വിധിച്ചിരുന്നു. പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിലും സെൻഗർ കുറ്റക്കാരനെന്ന് 2020 മാർച്ചിൽ കോടതി കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker