KeralaNews

രണ്ടു ഡ്രോണുകള്‍, 250ഓളം നാട്ടുകാരും പോലീസും; മാര്‍ട്ടിന്‍ ജോസഫിനെ പിടികൂടിയത് വമ്പന്‍ ഓപ്പറേഷനിലൂടെ

തൃശൂര്‍: ഫ്‌ളാറ്റില്‍ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ മാര്‍ട്ടിന്‍ ജോസഫിനെ പിടികൂടിയത് പോലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ വമ്പന്‍ ഓപ്പറേഷനിലൂടെ. 250 ഓളം നാട്ടുകാരും പോലീസും രണ്ട് ഡ്രോണുകളും ഒന്നിച്ചുള്ള തിരച്ചിലിനൊടുവിലാണ് മാര്‍ട്ടിന്‍ ജോസഫ് പിടിയിലാവുന്നത്.

ചേമഞ്ചിറയില്‍ നിന്ന് ഇന്നലെ വൈകിട്ടോടെ മാര്‍ട്ടിനെ കണ്ടെത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പോലീസും നാട്ടുകാരും വളഞ്ഞ് മാര്‍ട്ടിനെ പിടികൂടുകയായിരുന്നു. കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നിസാറും സംഘവും 3 ദിവസമായി തൃശൂരില്‍ ക്യാംപ് ചെയ്താണ് അന്വേഷണം നടത്തിയത്. തൃശൂര്‍ കമ്മിഷണര്‍ ആര്‍. ആദിത്യയുടെ നിര്‍ദേശപ്രകാരം തൃശൂര്‍ സിറ്റി നിഴല്‍ പോലീസ് സംഘവും മാര്‍ട്ടിനെ പിടികൂടാന്‍ രംഗത്തെത്തി.

ചേമഞ്ചിറയില്‍ മാര്‍ട്ടിനെ കണ്ടെത്തിയതോടെ മെഡിക്കല്‍ കോളജ് ഇന്‍സ്‌പെക്ടര്‍ അനന്ത് ലാലിന്റെ നേതൃത്വത്തില്‍ പോലീസ് ഇവിടം വളഞ്ഞെങ്കിലും സമീപത്തെ പാടത്തിനു നടുവിലൂടെ മാര്‍ട്ടിന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ ഒരു പോലീസുകാരനും നാലു നാട്ടുകാരും അടങ്ങുന്ന സംഘം പല പ്രദേശങ്ങളായി തിരിച്ചില്‍ തുടര്‍ന്നു. ഈ സമയത്ത് മാര്‍ട്ടിനെ തേടി ആകാശത്ത് രണ്ട് ഡ്രോണുകളുമുണ്ടായിരുന്നു.

ചെളിയും കാടും അരയ്‌ക്കൊപ്പം വെള്ളമുള്ള തോടുമൊക്കെ പോലീസും നാട്ടുകാരും നീന്തിക്കയറി തിരഞ്ഞതോടെ മാര്‍ട്ടിന്‍ സമീപത്തെ അയ്യംകുന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്കു സമീപത്തെ വീടിനു പിന്നിലൊളിച്ചു. പോലീസ് സംഘങ്ങള്‍ ഇവിടേക്ക് എത്തിയപ്പോള്‍ മാര്‍ട്ടിന്‍ വീണ്ടുമോടി. 75 മീറ്റര്‍ പിന്നിലായി പോലീസും. ഒരു ഫ്‌ളാറ്റിനു മുകളില്‍ കയറിയ മാര്‍ട്ടിന്‍ പാേലീസ് വളഞ്ഞതോടെ ചെറുത്തുനില്‍പ്പിനു ശ്രമിക്കാതെ കീഴടങ്ങി.

ചേമഞ്ചിറയില്‍ 2 ദിവസമായി ഭക്ഷണമില്ലാതെയാണ് മാര്‍ട്ടിന്‍ കഴിഞ്ഞത്. ഭക്ഷണവും പണവും എത്തിച്ചു നല്‍കിയ 3 പേരെ പോലീസ് പിടികൂടിയതോടെയാണ് പട്ടിണിയിലായത്. പ്രദേശവാസികളായ മറ്റു 2 യുവാക്കളും മാര്‍ട്ടിനു സഹായമെത്തിച്ചതായി സംശയമുണ്ട്. ഇവര്‍ ഒളിവിലാണ്. മാര്‍ട്ടിന്‍ ജോസഫിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ രാത്രിയാണ് തൃശ്ശൂര്‍ അയ്യന്‍കുന്നിലെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടിയത്. രാത്രിയോടെ കൊച്ചിയിലെത്തിച്ച മാര്‍ട്ടിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്.

കൊച്ചിയിലെ മറ്റൊരു യുവതികൂടി മാര്‍ട്ടിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് 22 ദിവസം ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചെന്ന് കാട്ടി പരാതി നല്‍കിയത്. മാര്‍ട്ടിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കണ്ണൂര്‍ സ്വദേശിനിയായ യുവതിക്ക് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണ്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാര്‍ട്ടിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാര്‍ട്ടിനുമൊത്ത് താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നിന്ന് രക്ഷപ്പെട്ടോടി പൊലീസില്‍ പരാതി നല്‍കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker