കല്ലമ്പലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ രണ്ട് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. നാവായിക്കുളം പഞ്ചായത്ത് അംഗവും സിപിഎം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ നാവായിക്കുളം മുല്ലനല്ലൂര്‍ പുത്തന്‍വീട്ടില്‍ സഫറുല്ല (44), സിപിഎം ബ്രാഞ്ച് അംഗം മുല്ലനല്ലൂര്‍ കാവുവിള പുത്തന്‍വീട്ടില്‍ സമീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പള്ളിക്കല്‍ പൊലീസ് ആണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.ഇരുവരും ചേര്‍ന്ന് ആറു മാസമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടതോടെ വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടി പീഡനം സംബന്ധിച്ചു മൊഴി നല്‍കിയത്. കുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ ശേഷം സമീര്‍ ആണ് ആദ്യം കുട്ടിയെ പീഡിപ്പിച്ചത്.
പീഡന ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയെന്നും പുറത്തു പറയുമെന്നും ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. പിന്നീട് ഇയാള്‍ സുഹൃത്തായ സഫറുല്ലയോടു വിവരം പറഞ്ഞു. സംഭവം പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തിയാണ് സഫറുല്ല കുട്ടിയെ ഉപദ്രവിച്ചതെന്നും പൊലീസ് അറിയിച്ചു. അതേസമയം പോലീസ് അറസ്റ്റ് ചെയ്തതോടെ സഫറുല്ലയെയും സമീറിനെയും സിപിഎമ്മില്‍ നിന്നു പുറത്താക്കിയതായി കിളിമാനൂര്‍ ഏരിയ സെക്രട്ടറി എസ്.ജയചന്ദ്രന്‍ അറിയിച്ചു.