ഗുവാഹത്തി/ലഖ്നൗ: കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെ രണ്ടിടങ്ങളിലായി രണ്ട് നേതാക്കള്‍ മരിച്ചു. അസമിലെ ഗുവാഹത്തിയിലും ഉത്തര്‍പ്രദേശിലെ ലഖ്നൗവിലുമാണ് മരണങ്ങളുണ്ടായത്. അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. പോലീസ് നടപടിയാണ് പ്രവര്‍ത്തകരുടെ മരണങ്ങള്‍ക്ക് കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഗുവാഹത്തിയില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. മാര്‍ച്ച് സംഘര്‍ഷഭരിതമാകുകയും പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപെന്‍ കുമാര്‍ ബോറ, മുന്‍ രാജ്യസഭാ എം.പി. രിപുന്‍ ബോറ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. പോലീസ് നടപടിയില്‍ കോണ്‍ഗ്രസിന്റെ ലീഗല്‍ സെല്‍ സെക്രട്ടറി മൃദുല്‍ ഇസ്ലാമിന് പരിക്കേറ്റു. ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാനായില്ല.
ലഖ്നൗവില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രഭാത് പാണ്ഡേ ആണ് മരിച്ചത്. നിയമസഭയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം. പോലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റുന്നതിനിടെ ശ്വാസം മുട്ടിയാണ് പ്രഭാത് കൊല്ലപ്പെട്ടതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. പ്രഭാതിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഒരു കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും യു.പി. കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആവശ്യപ്പെട്ടു.അതേസമയം, കോണ്‍ഗ്രസിന്റെ ആരോപണം യു.പി. പോലീസും അസം പോലീസും നിഷേധിച്ചു.