സസ്പെൻഡ് ചെയ്തവരുടെ അക്കൗണ്ട് അൺബ്ലോക്ക് ചെയ്യും, ട്വിറ്ററിൽ വിപ്ലവകരമായ നടപടിയുമായി എലോൺ മസ്ക്
ന്യൂയോർക്ക്: സസ്പെൻഡ് ചെയ്തവരുടെ അക്കൗണ്ട് അൺബ്ലോക്ക് ചെയ്യുമെന്ന് വ്യക്തമാക്കി ട്വിറ്റർ. വേറിട്ട കാഴ്ചപ്പാടുകളുള്ളവരെ ഉൾക്കൊള്ളിച്ച് ‘കണ്ടന്റ് മോഡറേഷൻ കൗൺസിൽ’ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം എലോൺ മസ്ക് ട്വീറ്റ് ചെയ്തിരുന്നു. കൗൺസിലിന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ് അക്കൗണ്ട് അൺബ്ലോക്ക് ചെയ്യൽ. കൗൺസിലിന്റെ സഹായത്തോടെയല്ലാതെ കണ്ടന്റ് മോഡറേഷനെക്കുറിച്ചോ ബ്ലോക്ക് ചെയ്‌ത അക്കൗണ്ടുകൾ പുനസ്ഥാപിക്കുന്നതിനെക്കുറിച്ചോ ഉള്ള പ്രധാന തീരുമാനങ്ങളൊന്നും എടുക്കില്ലെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു.
അതേസമയം മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള വിവാദ ഉപയോക്താക്കളുടെ അക്കൗണ്ട് അൺബ്ലോക്ക് ചെയ്യുക എന്നത് അത്ര പെട്ടെന്ന് സംഭവിക്കില്ല എന്നാണ് റിപ്പോർട്ട്. സംസാര സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നു കയറ്റമായാണ് ഇത്തരം അക്കൗണ്ട് നിരോധനങ്ങളെ താൻ കാണുന്നതെന്ന് മസ്ക് പറഞ്ഞു. കൂടാതെ അദ്ദേഹം ട്വിറ്ററിനെ ഒരു ഡിജിറ്റൽ “പബ്ലിക് സ്ക്വയർ” ആയിയാണ് വിഭാവനം ചെയ്യുന്നത്. വ്യാഴാഴ്ചയാണ് എലോൺ മസ്‌ക് ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്. കരാർ ഒപ്പിട്ട ഉടൻ, ട്വിറ്റർ ചീഫ് എക്‌സിക്യൂട്ടീവ് പരാഗ് അഗർവാൾ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൾ, നിയമകാര്യ, നയ മേധാവി വിജയ ഗദ്ദെ എന്നിവരുൾപ്പെടെയുള്ള ഉന്നത എക്‌സിക്യൂട്ടീവുകളെ അദ്ദേഹം പുറത്താക്കി. പ്ലാറ്റ്‌ഫോമിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തിൽ അവർ തന്നെയും ട്വിറ്റർ നിക്ഷേപകരെയും തെറ്റിദ്ധരിപ്പിച്ചതായി അദ്ദേഹം ആരോപിച്ചിരുന്നു.
പക്ഷി മോചിതനായി എന്നാണ് വ്യാഴാഴ്ച ട്വീറ്ററ്‍ ഏറ്റെടുക്കൽ പൂർത്തിയാക്കിയ ഉടൻ അദ്ദേഹം ട്വീറ്റ് ചെയ്തത്. പോസ്റ്റു ചെയ്യാൻ കഴിയുന്ന ഉള്ളടക്കത്തിന് പരിധികളുണ്ടെന്ന സൂചനയാണ് ട്വിറ്ററിന്റെ പക്ഷി ലോഗോയെന്ന് മസ്ക് ട്വീറ്റിൽ പരാമർശിച്ചു.ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ സിഇഒയും സ്വയം സ്വതന്ത്ര സംസാര സമ്പൂർണ്ണവാദിയും, വിദ്വേഷത്തിനും വിഭജനത്തിനും എതിരെ സംസാരിക്കുന്ന വ്യക്തിയുമായി മാറാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലെ സ്പാം ബോട്ടുകളെ “പ്രതിരോധിക്കാൻ” ആഗ്രഹിക്കുകയും അതിന്റെ ഉപയോക്താക്കൾക്ക് ഉള്ളടക്കം എങ്ങനെ അവതരിപ്പിക്കണമെന്ന് നിർണ്ണയിക്കുന്ന അൽഗോരിതങ്ങൾ പൊതുവായി ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് കൗൺസിലിന്റെ മറ്റ് ലക്ഷ്യങ്ങൾ. ഇനിയുള്ള മസ്കിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്നോ, ആരാകും ട്വീറ്ററിനെ നയിക്കുക എന്നതോ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.