Twitter:വീണ്ട കൂട്ടപ്പുറത്താക്കലുമായി ട്വിറ്റർ,4400 കരാർ ജീവനക്കാരെ പുറത്താക്കി മസ്ക്
സന്‍ഫ്രാന്‍സിസ്കോ: യാതൊരു മുന്നറിയിപ്പുമില്ലാതെ 4400 ഓളം കരാർ ജീവനക്കാരെ ട്വിറ്റർ പുറത്താക്കിയെന്ന് റിപ്പോർട്ട്. എലോൺ മസ്ക് മേധാവിയായി എത്തിയതിന് പുറമെ 50 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി. 5,500 തൊഴിലാളികളിൽ 4,400 പേരെ ഈ നീക്കം ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജീവനക്കാർക്ക് അവരുടെ ഔദ്യോഗിക മെയിലുകളിലേക്കും മറ്റ് ഓൺലൈൻ സേവനങ്ങളിലേക്കുമുള്ള ആക്സസ് നഷ്ടപ്പെട്ടതോടെയാണ് അവർ ഇക്കാര്യം മനസിലാക്കിയത്. കമ്പനിയുടെ ആഗോള പ്രവർത്തനങ്ങളിൽ ഉടനീളം ഈ ജോലി വെട്ടിക്കുറയ്ക്കലിനെ കുറിച്ച് പറഞ്ഞിട്ടുള്ളതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. കണ്ടന്റ് മോഡറേഷൻ, റിയൽ എസ്റ്റേറ്റ്, മാർക്കറ്റിംഗ്, എഞ്ചിനീയറിംഗ്, മറ്റ് ഡിപ്പാർട്ട്‌മെന്റുകൾ എന്നിവയിൽ ജോലി ചെയ്യുന്ന ജീവനക്കാരും പിരിച്ചുവിടപ്പെട്ടവരില്‍ ഉൾപ്പെടുന്നു.
ലോകമെമ്പാടുമുള്ള ട്വിറ്റർ ഓഫീസുകളിൽ നിന്ന് 3,700 ഓളം ജീവനക്കാരെ മസ്ക് നീക്കം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ കമ്പനിയിലെ 90 ശതമാനം ജീവനക്കാരെയും അദ്ദേഹം പുറത്താക്കിയതായി റിപ്പോർട്ട് പറയുന്നു. ട്വിറ്ററിന് അതിന്റെ മുഴുവൻ തൊഴിലാളികളിൽ പകുതിയിലേറെ പേരെ നഷ്ടപ്പെട്ടു കഴിഞ്ഞു. കണ്ടന്റ് മോഡറേഷനിൽ പ്രവർത്തിക്കുന്ന ജീവനക്കാരെ പിരിച്ചുവിടുന്നത് ആൾമാറാട്ടം നടത്തുന്നവർ, തട്ടിപ്പുകാർ, മറ്റ് സൈബർ സുരക്ഷാ ഭീഷണികൾ എന്നിവയുടെ സംഭവങ്ങൾ വർദ്ധിപ്പിക്കുമെന്നാണ് സൂചന.
മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ വലിയ രീതിയിലുള്ള അഴിച്ചുപണികളാണ് കമ്പനിയിൽ നടക്കുന്നത്. ജീവനക്കാരെ സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. കരാർ ജീവനക്കാരുടെ മാനേജർമാരെ പോലും പിരിച്ചുവിട്ട കാര്യം കമ്പനി അറിയിച്ചിട്ടില്ല. ഔദ്യോഗിക മെയിൽ ഉപയോഗിക്കാൻ ശ്രമിക്കുമ്പോഴാണ് മാനേജർമാരും ഇക്കാര്യം അറിയുന്നത്. അടുത്തിടെയായി മസ്ക് നല്ല രീതിയിൽ വിമർശനങ്ങൾ നേരിടുന്നുണ്ട്. മസ്ക് അടുത്തിടെ അവതരിപ്പിച്ച വെരിഫിക്കേഷൻ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്നാണ് നിലവിലെ റിപ്പോർട്ടുകൾ.
വ്യാജ അക്കൗണ്ടുകൾ പെരുകുന്നതായും റിപ്പോര്‌ട്ടുകൾ പറയുന്നു. ഈ സാഹചര്യത്തിൽ വെരിഫിക്കേഷൻ നിർത്തി വച്ചിരിക്കുകയാണ് കമ്പനി. പ്രതിമാസം എട്ട് ഡോളർ നൽകാൻ തയ്യാറുള്ളവർക്ക് മാത്രമേ ഇപ്പോൾ ബ്ലൂ ടിക്ക് നൽകുകയൂള്ളു. നേരത്തെ സൗജന്യമായി ലഭിച്ചുകൊണ്ടിരുന്നതാണ് ബാഡ്ജ്. ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യണം.
പഴയതുപോലെ അല്ല സൗജന്യ ഭക്ഷണം ഉണ്ടാവില്ല, വർക്ക് ഫ്രം ഹോമും അവസാനിപ്പിക്കുകയാണെന്ന് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ആദ്യമായി ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ച കമ്പനി മേധാവി ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പണം കൂടുതൽ ഉണ്ടാക്കണം. അല്ലെങ്കിൽ ട്വിറ്റർ പാപ്പരാവുന്ന അവസ്ഥയിലെത്തുമെന്നും മസ്ക് പറഞ്ഞതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.