സാൻഫ്രാൻസിസ്കോ: ട്വിറ്ററിന്റെ പേരുമാറ്റി ഉടമ ഇലോൺ മസ്ക്. നീലക്കിളിക്ക് പകരം ഇനി ‘എക്സ്’ ആയിരിക്കുമെന്ന് മസ്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചു. റീബ്രാൻഡിങിന്റെ ഭാഗമായാണ് ലോഗോ മാറ്റിയത്. കറുത്ത പശ്ചാത്തലത്തിൽ വെളുത്ത നിറത്തിൽ എഴുതിയ ‘എക്സ്’ ആയിരിക്കും ഇനി ട്വിറ്റർ വാളിൽ തെളിയുക.
പ്രഖ്യാപനത്തിന്റെ ഭാഗമായി സാൻഫ്രാൻസിസ്കോയിലെ ട്വിറ്ററിന്റെ ആസ്ഥാനത്തിന്റെ ചുമരിൽ രാത്രി ‘എക്സ്’ എഴുതികാണിച്ചിരുന്നു. എക്സിലൂടെ ബാങ്കിങ് ഉൾപ്പെടെ മറ്റ് സേവനങ്ങളും ലഭ്യമാക്കും. 1990 കളിലാണ് ടെസ്ല മേധാവി കൂടിയായ മസ്കിന് എക്സ് നോട് ആകർഷണം തോന്നുന്നത്. ഓൺലൈൻ ബാങ്കിങ് സേവന പ്ലാറ്റ്ഫോമായ X.com ഡൊമെയ്ൻ 2017 ൽ മസ്ക് വാങ്ങുകയുണ്ടായി. തന്റെ ആദ്യകാല സംരഭമായ എക്സിനോട് വൈകാരികമായ ഒരു ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിന്റെ പരമ്പരാഗത ലോഗോയായ നീലക്കിളിയെ മാറ്റി ‘എക്സ്’ ലോഗോയാക്കുന്നത്.
Thanks PayPal for allowing me to buy back https://t.co/bOUOejO16Y! No plans right now, but it has great sentimental value to me.
— Elon Musk (@elonmusk) July 11, 2017
X.com എന്ന ഡൊമെയ്ൻ ഇപ്പോൾ ഉപയോക്താക്കളെ ട്വിറ്ററിലേക്ക് റീഡയറക്ട് ചെയ്യുമെന്ന് മസ്‌ക് കൂട്ടിച്ചേർത്തു. നിങ്ങളുടെ വെബ് ബ്രൗസറിൽ X.com എന്ന് ടൈപ്പ് ചെയ്താൽ ട്വിറ്റർ വെബ്സൈറ്റ് ലോഡ് ചെയ്യുമെന്നും മസ്ക് പറഞ്ഞു. ഭാവിയിൽ Twitter.com എന്ന ഡൊമെയ്‌ൻ ഇല്ലാതായി പകരം X.com ഉപയോഗിക്കുന്നതിലേക്ക് മാറുമെന്നാണ് വിലയിരുത്തൽ. എക്സിനൊപ്പം ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ഒരു സൂപ്പർ ആപ്പ് സൃഷ്‌ടിക്കാനുമാണ് മസ്ക് പ്രതീക്ഷിക്കുന്നത്.
Our headquarters tonight pic.twitter.com/GO6yY8R7fO
— Elon Musk (@elonmusk) July 24, 2023
ട്വിറ്റർ ഇനി ഒരു സ്വതന്ത്ര സ്ഥാപനമല്ലെന്നും കമ്പനി എക്സ് കോർപ്പറേഷനിൽ ലയിച്ചെന്നും ഈ വർഷം ഏപ്രിലിൽ കാലിഫോർണിയയിലെ ഒരു കോടതിയിൽ സമർപ്പിച്ച രേഖയിൽ ഇലോൺ മസ്ക് വ്യക്തമാക്കിയിരുന്നു. ട്വിറ്റർ Inc. X കോർപ്പറേഷനിൽ ലയിച്ചു. സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ഉടമസ്ഥതയിലുള്ള കോർപ്പറേഷനാണ് Inc. X. മാർച്ച് 15 ന് ട്വിറ്ററിനെ എക്സ് കോർപ്പറേഷനിൽ ലയിപ്പിച്ചിട്ടുണ്ട്. ഈ കമ്പനിയുടെ മേധാവിയാണ് ഇലോൺ മസ്ക് എന്നും രേഖകളിൽ പറഞ്ഞിരുന്നു.