ന്യൂഡല്‍ഹി: മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ പ്രവര്‍ത്തനം ആഗോളതലത്തില്‍ തടസപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഇതുമൂലം ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായി പരാതിയുയര്‍ന്നു. മിക്ക ഉപയോക്താക്കള്‍ക്കും പേജ് ലോഡാവുന്നതില്‍ തടസം നേരിട്ടു. സംതിങ് വെന്റ് റോങ്, ട്രൈ റീലോഡിങ് എന്ന സന്ദേശമാണ് ഉപയോക്താക്കള്‍ക്ക് കാണാനായത്. ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെ ഇന്ത്യയില്‍ മാത്രം 2,838 പ്രവര്‍ത്തനതടസങ്ങളാണ് ഡൗണ്‍ ഡിറ്റക്ടര്‍ (Downdetector) റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.Twitter down, many users experience trouble loading pages
ട്വിറ്ററിന്റെ മൊബൈല്‍ ആപ്പിലും ഡെസ്‌ക്‌ടോപ് വേര്‍ഷനിലും പ്രവര്‍ത്തനതടസം നേരിട്ടു. ട്വിറ്ററിന്റെ പ്രവര്‍ത്തനം ഡൗണായതിന്റെ കാരണം അജ്ഞാതമാണ്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം രണ്ടാമത്തെ തവണയാണ് പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നത്. നവംബര്‍ നാലിന് ഏതാനും മണിക്കൂറുകള്‍ ട്വിറ്റര്‍ ഡൗണായിരുന്നു. പക്ഷെ, ഡെസ്‌ക്‌ടോപ് വേര്‍ഷന്‍ മാത്രമാണ് അന്ന് പ്രശ്‌നം നേരിട്ടത്.
പ്രവര്‍ത്തനം തടസപ്പെട്ടതോടെ ഉപയോക്താക്കള്‍ രസകരമായ പോസ്റ്റുകളുമായി സാമൂഹികമാധ്യമങ്ങളിലെത്തി.
തങ്ങളുടെ ഉപയോക്താക്കള്‍ക്കായി മസ്‌ക് ‘ട്വിറ്റര്‍ ബ്ലൂ’ മടക്കിക്കൊണ്ടുവരാനിരിക്കെ പ്രവര്‍ത്തനതടസമുണ്ടായി എന്നത് ശ്രദ്ധേയമാണ്. ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് അധിക തുകയ്ക്കാണ് ഈ സേവനം ട്വിറ്റര്‍ ലഭ്യമാക്കുന്നത്. ഡിസംബര്‍ 12 നാണ് ട്വിറ്റര്‍ ബ്ലൂ തിരികെയെത്തുന്നത്. ബ്ലൂ ടിക്, വീഡിയോ പോസ്റ്റ് ചെയ്യാനും ട്വീറ്റ് എഡിറ്റ് ചെയ്യാനും ഉള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും.