ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തിപ്രാപിക്കുന്നതിനിടെ മറ്റൊരു വെല്ലുവിളികൂടി. 18 സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതകമാറ്റം വന്ന കൊറോണ വൈറസിനെ കണ്ടെത്തിയതാണ് പുതിയ വെല്ലുവിളി. എന്നാല്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നത് ഇതുമൂലമാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് യുകെ വകഭേദം 736 പേരില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ വകഭേദം 37 പേരിലും ബ്രസീല്‍ വകഭേദം ഒരാളിലുമാണ് ഇതുവരെ കണ്ടെത്തിയത്. ഇരട്ട മാറ്റം വന്ന വൈറസുകള്‍ കൂടുതല്‍ രോഗവ്യാപനത്തിനു കാരണമാകുമെന്ന ആശങ്ക ശക്തമാണ്. നിലവിലുള്ള വാക്‌സിനുകള്‍ ഇവയ്‌ക്കെതിരേ ഫലപ്രദമാകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
ഒരിക്കല്‍ കൊവിഡ് വന്നു ഭേദമായവര്‍ക്കു പോലും പുതിയ ഇനം വൈറസ് ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ഇരുപതു വയസിനു താഴെയുള്ളവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,17,34,058 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പുതിയതായി 23,907 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തരുടെ ആകെ എണ്ണം 1,12,05,160 ആയി ഉയര്‍ന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 275 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,60,441 ആയി. നിലവില്‍ അഞ്ചുകോടിയില്‍പ്പരം ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കി.