TVK Vijay: മൂന്നില്‍ ഒന്ന് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക്, കര്‍ഷകര്‍ക്ക് പിന്തുണ, ജാതി സെന്‍സസിന് ഒപ്പം,തമിഴ്‌നാട്ടില്‍ ഹിന്ദി വേണ്ട; ലക്ഷങ്ങളെ സാക്ഷിയാക്കി നയം പ്രഖ്യാപിച്ച് നടന്‍ വിജയ്
ചെന്നൈ: വിക്രവാണ്ടിയില്‍ തിങ്ങിനിറഞ്ഞ ആയിരകണക്കിന് വരുന്ന പ്രവര്‍ത്തകരെയും ആരാധകരെയും സാക്ഷിയാക്കി തമിഴക വെട്രിക് കഴകത്തിന്റെ നയം പ്രഖ്യാപിച്ച് നടന്‍ വിജയ്. സാമൂഹ്യ നീതിയില്‍ ഊന്നിയ മതേതര സമൂഹമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് വിജയ് പ്രഖ്യാപിച്ചു. സമൂഹ്യ നീതി, സമത്വം, മതേതരത്വം എന്നതാണ് നയമെന്ന് തമിഴക വെട്രിക് കഴകം വ്യക്തമാക്കുന്നു. സ്ത്രീ സമത്വത്തിന് ഊന്നല്‍ നല്‍കും. മൂന്നില്‍ ഒന്ന് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കുമെന്നും ഇത് അന്‍പത് ശതമാനമായി ഉയര്‍ത്തുമെന്നുമാണ് തമിഴക വെട്രിക് കഴകത്തിന്റെ നയം.
ജനിച്ചവരെല്ലാം തുല്യരാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് തമിഴ് നടന്‍ വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. നമ്മള്‍ എല്ലാവരും തുല്യരാണെന്നും രാഷ്ട്രീയത്തില്‍ എല്ലാം മാറണമെന്നും ഇല്ലെങ്കില്‍ മാറ്റുമെന്നും പ്രഖ്യാപിച്ചുകൊണ്ട് ജനസമൂഹത്തെ ഇളക്കിമറിച്ചുകൊണ്ടാണ് വിജയ് സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗം ആരംഭിച്ചത്. രാഷ്ട്രീയത്തിലിറങ്ങുന്നത് ഭയമില്ലാതെയാണെന്നും ഒട്ടും പേടിയില്ലെന്നും വിജയ് പറഞ്ഞു. ആരുടെയും വിശ്വാസത്തെയും എതിര്‍ക്കില്ലെന്നും വിജയ് പറഞ്ഞു. ഉയിര്‍ വണക്കം ചൊല്ലിയാണ് വിജയ് പ്രസംഗം ആരംഭിച്ചത്.
രാഷ്ട്രീയത്തില്‍ താനൊരു കുട്ടിയാണ്. പക്ഷേ ഭയമില്ലാതെയാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. ഒരു കുട്ടി അമ്മ എന്ന് ആദ്യമായി വിളിക്കുമ്പോള്‍ അമ്മയ്ക്ക എന്ത് സന്തോഷമായിരിക്കും ലഭിക്കുക. കുട്ടിക്ക് മുന്നില്‍ ഒരു പാമ്പ് ആദ്യമായി വന്നാല്‍ ആ പാമ്പിനോടും കുട്ടി അതുപോലെ ചിരിക്കും. എന്നിട്ട് ആ കുട്ടി പാമ്പിനെ പിടിക്കും. ഇവിടെ ആ പാമ്പാണ് രാഷ്ട്രീയം. ആ പാമ്പിനെ പിടിച്ച് കളിക്കുന്നതാണ് നിങ്ങളുടെ അവസരമെന്ന് വിജയ് പറഞ്ഞു. ഗൗരവത്തോടെയും പുഞ്ചിരിയോടെയും രാഷ്ട്രീയത്തില്‍ ഇടപെടും. പെരിയാര്‍, കാമരാജ്, അംബേദ്ക്കര്‍, അഞ്ജലെ അമ്മാള്‍, വേലു നാച്ചിയാര്‍ ഇവരൊക്കെയാണ് വഴികാട്ടികളെന്നും വിജയ് പറഞ്ഞു.
മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയശേഷമാണ് വിജയ് പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിന് മുന്നോടിയായി പാര്‍ട്ടിയുടെ വീര വാള്‍ വിജയിക്ക് സമ്മാനിച്ചു. സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷയായി തമിഴ് ഉപയോഗിക്കും, ആരാധനക്കുള്ള ഭാഷയും തമിഴ് ആക്കും, മധുരയില്‍ സെക്രട്ടറിയേറ്റിന്റെ ബ്രാഞ്ച് ആരംഭിക്കും, വിദ്യാഭ്യാസം ഭരണഘടനയിലെ സംസ്ഥാന പട്ടികയിലേക്ക് മാറ്റാന്‍ സമ്മര്‍ദം ചെലുത്തും, സംസ്ഥാന സര്‍ക്കാരിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ഗവര്‍ണറുടെ പദവി നീക്കാന്‍ സമ്മര്‍ദം ചെലുത്തും, അഴിമതി രഹിത ഭരണം ഉറപ്പാക്കും, കൈക്കൂലിയും ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ഇല്ലാതാക്കും, വര്‍ണവിവേചനത്തിനെതിരെ ശക്തമായ ശിക്ഷ നടപ്പാക്കും തുടങ്ങിയ പാര്‍ട്ടി നയങ്ങളും വിജയ് പ്രഖ്യാപിച്ചു.
തമിഴ്‌നാട്ടില്‍ ഹിന്ദി വേണ്ടെന്ന നിലപാട് വ്യക്തമാക്കി ടിവികെ. തമിഴ്‌നാട്ടില്‍ തമിഴും ഇംഗ്ലീഷും മതിയെന്ന് നിലപാട്. കൂടുതല്‍ വ്യവസായങ്ങള്‍ തമിഴ്‌നാട്ടില്‍ എത്തിക്കുമെന്ന് ടിവികെയുടെ നയപ്രഖ്യാപനത്തില്‍ പ്രഖ്യാപിച്ചു. ടിവികെ ജാതി സെന്‍സസിനെ പിന്തുണച്ചു. ജാതി സെന്‍സസ് നടത്തി സമൂഹനീതി ഉറപ്പ് വരുത്തുമെന്ന് നയം. മധുരയില്‍ ഭരണകേന്ദ്രം ഉണ്ടാകുമെന്നും പ്രഖ്യാപനം.
തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനമാണ് വിക്രവാണ്ടിയില്‍ നടക്കുന്നത്. വിഴുപ്പുറം വിക്രവാണ്ടിയിലെ കൂറ്റന്‍വേദിയില്‍ രണ്ടര ലക്ഷത്തോളം പ്രവര്‍ത്തകരാണ് ആദ്യ സമ്മേളനത്തില്‍ അണിനിരന്നത്. വേര്‍തിരിവുകള്‍ ഒഴിവാക്കി സമത്വമെന്ന ആശയത്തില്‍ മുന്നോട്ട് പോകുമെന്നാണ് ടി.വി.കെയുടെ പ്രതിജ്ഞ. 100 അടി ഉയരത്തിലാണ് പാര്‍ട്ടി കൊടി വിജയ് ഉയര്‍ത്തിയത്. അടുത്ത 10 വര്‍ഷത്തേയ്ക്ക് കൊടി വിഴുപ്പുറത്തെ സമ്മേളന വേദിയില്‍ ഉണ്ടാകും.
ആരാധകരുടെയും പ്രവര്‍ത്തകരുടെയും വന്‍ തിരക്കാണ് സമ്മേളന സ്ഥലത്തുള്ളത്. തിരക്കിനിടെ നൂറിലേറെപ്പേര്‍ കുഴഞ്ഞുവീണു. 350ലേറെ ഡോക്ടര്‍മാരെ സമ്മേളന സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.
തമിഴ്നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, നടന്മാരായ പ്രഭു, വിജയ് സേതുപതി, നാം തമിഴര്‍ പാര്‍ട്ടി നേതാവ് സീമന്‍ തുടങ്ങിയവര്‍ വിജയ്ക്ക് ആശംസ നേര്‍ന്നു. വിജയുടെ മാതാപിതാക്കളും സമ്മേളനത്തിനെത്തിയിട്ടുണ്ട്.
അരലക്ഷം പേര്‍ക്ക് ഇരിക്കാനുള്ള കസേരകള്‍ തയാറാക്കിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി കൂറ്റന്‍ വിഡിയോ വാളുകളുമുണ്ട്. തമിഴ്‌നാടിനു പുറമേ കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആരാധകരും സമ്മേളനത്തിനെത്തുന്നുണ്ട്. വിക്രവാണ്ടി, വില്ലുപുരം, കൂടേരിപ്പാട്ട് തുടങ്ങിയ സ്ഥലങ്ങളിലെ നാല്‍പ്പതിലധികം ഹോട്ടലുകളില്‍ 20 ദിവസം മുന്‍പു തന്നെ പലരും മുറികള്‍ ബുക്ക് ചെയ്തിരുന്നു. ചെന്നൈയില്‍ നിന്നുള്ള ചിലര്‍ സൈക്കിളില്‍ സമ്മേളനത്തിനെത്തുന്നുണ്ട്.
വിജയ്ക്കും മറ്റു വിശിഷ്ടാതിഥികള്‍ക്കുമായി 5 കാരവാനുകളും ഒരുക്കിയിട്ടുണ്ട്. സുരക്ഷയൊരുക്കാന്‍ അയ്യായിരത്തിലധികം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മദ്യപിച്ചെത്തുന്നവരെ യോഗത്തിലേക്കു പ്രവേശിപ്പിക്കില്ലെന്നു പാര്‍ട്ടി നേരത്തേ തന്നെ അറിയിച്ചിരുന്നു. കൂടാതെ, റോഡ് നിയമങ്ങള്‍ കൃത്യമായി പാലിച്ചുവേണം പ്രവര്‍ത്തകര്‍ സമ്മേളനത്തിനെത്താനെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും വിജയ് ഓര്‍മിപ്പിച്ചിട്ടുണ്ട്.