ന്യൂഡല്‍ഹി: കൊവിഡ് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 4000 രൂപ വെച്ച് നല്‍കുമെന്ന സന്ദേശം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഇതുവലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കോറോണ കെയര്‍ ഫണ്ട് സ്‌കീമിന്റെ ഭാഗമായി എല്ലാവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ 4000 രൂപ നല്‍കുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്.
‘ഈ ഫോം പൂരിപ്പിച്ചാല്‍ ഉടനടി 4000 രൂപ ലഭിക്കും’ എന്നാണ് പ്രചരിക്കുന്ന പോസ്റ്റില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും സന്ദേശം വ്യാജവുമാണെന്നതാണ് വാസ്തവം. 2021 കൊവിഡ് സാഹചര്യത്തില്‍ കേന്ദ്രം 6.29 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. സര്‍ക്കാര്‍ അത്തരത്തില്‍ ഒരു ദുരിതാശ്വാസ പദ്ധതിയും കൊണ്ടുവന്നിട്ടില്ല.
‘കോറോണ കെയര്‍ ഫണ്ട് സ്‌കീമിന്റെ ഭാഗമായി സര്‍ക്കാര്‍ എല്ലാവര്‍ക്കും 4000 രൂപ അനുവദിക്കുന്നുവെന്ന വാട്സ്ആപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണ്. സര്‍ക്കാര്‍ ഇങ്ങനെ ഒരു പദ്ധതി നടപ്പാക്കുന്നില്ല’ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ട്വീറ്റ് ചെയ്തു.