News

ഭാര്യയുടെ മരണശേഷം കുഞ്ഞിനെയും നെഞ്ചിലേറ്റി ക്ലാസെടുക്കുന്ന പ്രഫസര്‍! വൈറല്‍ ചിത്രത്തിന് പിന്നിലെ വാസ്തവം ഇതാണ്

ന്യൂഡല്‍ഹി: പിഞ്ചുകുഞ്ഞിനെ നെഞ്ചില്‍ ചേര്‍ത്ത് ക്ലാസ് എടുക്കുന്ന അധ്യാപകന്റെ ചിത്രം അടുത്തിടെ സോഷ്യല്‍ മിഡിയയില്‍ വൈറലായിരുന്നു. ജനനത്തോടുകൂടി അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിനെയും കൊണ്ട് ക്ലാസ് എടുക്കുന്ന കോളജ് പ്രഫസര്‍ക്ക് നിരവധി കൈയ്യടികള്‍ ലഭിച്ചിരുന്നു. ഛത്തിസ്ഗഢ് കേഡറിലെ 2009 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അവാനിഷ് ശരണ്‍ അടക്കമുള്ള പ്രമുഖര്‍ ഈ ചിത്രം ട്വീറ്റ് ചെയ്തിരുന്നു.

അവാനിഷ് ശരണ്‍ ഇങ്ങനെ ട്വീറ്റ്

‘പ്രസവത്തോടെ അദ്ദേഹത്തിന് ഭാര്യയെ നഷ്ടമായി. എന്നിരുന്നാലും കുഞ്ഞിന്റെയും കോളജ് ക്ലാസിന്റെയും ചുമതല അദ്ദേഹം ഒരുമിച്ച് നിറവേറ്റുന്നു. യഥാര്‍ഥ ജീവിതത്തിലെ നായകന്‍’

എന്നാല്‍ സംഭവത്തിലെ യഥാര്‍ഥ ചിത്രം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. മെക്‌സിക്കോയിലെ അകാപുല്‍കോയിലെ ഇന്റര്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഫോര്‍ ഡെവലപ്‌മെന്റിലെ നിയമ വിഭാഗം പ്രഫസറായ മോയ്‌സസ് റെയ്‌സ് സാന്‍ഡോവല്‍ ആണ് കഥയിലെ നായകന്‍. തന്റെ വിദ്യാര്‍ഥിയുടെ കുഞ്ഞിനെയും കൊണ്ട് ക്ലാസ് എടുക്കുന്ന മെക്‌സിക്കന്‍ പ്രഫസറുടെ ചിത്രമായിരുന്നു അത്. വിദ്യാര്‍ഥിക്ക് സൗകര്യപൂര്‍വ്വം കുറിപ്പുകള്‍ എഴുതാന്‍ കുഞ്ഞിന്റെ പരിപാലന ചുമതല കൂടി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.

റിവേഴ്‌സ് ഇമേജ് സെര്‍ച്ച് വഴി 2016ല്‍ ഇദ്ദേഹത്തെ കുറിച്ച് സി.എന്‍.എന്‍ സ്പാനിഷ് പ്രസിദ്ധീകരിച്ച വാര്‍ത്ത വഴിയാണ് സത്യാവസ്ഥ പുറത്ത് വന്നത്. തന്റെ 22കാരിയായ വിദ്യാര്‍ഥി യെലേന സലാസിന്റെ കുഞ്ഞായിരുന്നു പ്രഫസറുടെ കൈയ്യില്‍. 2016 ജൂലൈ ആറിന് തന്റെ അനുഭവം ഇദ്ദേഹം ഫേസ്ബുക്കിലും പങ്കുവെച്ചിരുന്നു. ഉത്തരവാദിത്തങ്ങള്‍ക്കിടയിലും പഠനത്തിനായി സമയം കണ്ടെത്തുന്ന പെണ്‍കുട്ടിയെ സഹായിക്കുന്ന അധ്യാപകന്റെ കഥ അക്കാലത്ത് നിരവധി പ്രാദേശിക മാധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button