കോവിഡ് ചികിത്സാ രംഗത്ത് വൻ മുന്നേറ്റം, : ഇന്ത്യൻ കമ്പനിയുടെ മരുന്ന് വിപണിയിൽ,ഗുളികയൊന്നിന് 103 രൂപ
കൊച്ചി : കോവിഡ്-19 ചികിത്സയില്‍ ഓറല്‍ ആന്റിവൈറല്‍ മരുന്നായ ഫാവിപിരാവിര്‍ ഉപയോഗിക്കുന്നതിന് ഇന്ത്യയിലെ മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്കിന് ഡ്രഗ് റെഗുലേറ്റര്‍ അംഗീകാരം. അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ കമ്പനിയാണ് ഗവേഷണാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഗ്ലെന്‍മാര്‍ക്ക്. ഇന്ത്യയിലെ കോവിഡ്-19 രോഗികള്‍ക്ക് ആശ്വാസമാകുന്ന നിര്‍ണ്ണായക വികസനമാണിത്. ഫാബിഫ്ളൂ എന്ന ബ്രാന്‍ഡിലാണ് മരുന്ന് പുറത്തിറക്കുന്നത്.
ഉല്‍പ്പാദനത്തിനും വിപണനത്തിനുമുള്ള റെഗുലേറ്ററി അനുമതിയാണ് ഗ്ലെന്‍മാര്‍ക്കിന് ലഭിച്ചിരിക്കുന്നത്. കോവിഡ്-19 മിതമായി ബാധിക്കപ്പെട്ടവരില്‍ ഫാവിപിരാവിര്‍ മികച്ച പ്രതികരണം സൃഷ്ടിക്കുന്നതായി ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കണ്ടെത്തി. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗവസ്ഥകളുള്ളവരിലും കോവിഡ്-19 ലക്ഷണങ്ങള്‍ മിതമാണെങ്കില്‍ ഈ മരുന്ന് ഉപയോഗിക്കാം. ഫാബിഫ്ളൂവിന്റെ ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റും (എപിഐ) ഫോര്‍മുലേഷനും ഗ്ലെന്‍മാര്‍ക്കിന്റെ ആഭ്യന്തര ഗവേഷണ-വികസന വിഭാഗമാണ് വികസിപ്പിച്ചത്.
ഫാവിപിരാവിര്‍ 4 ദിവസത്തിനുള്ളില്‍ വൈറസിന്റെ തോത് അതിവേഗം കുറയ്ക്കും. കോവിഡ്-19 മിതമായി ബാധിക്കപ്പെട്ട കേസുകളില്‍ 88 ശതമാനം വരെ ക്ലിനിക്കല്‍ പുരോഗതിയാണുണ്ടായത്.
നമ്മുടെ ആരോഗ്യരക്ഷാ സംവിധാനത്തിന് കടുത്ത സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ട് ഇന്ത്യയില്‍ കേസുകള്‍ മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ അംഗീകാരം ലഭിക്കുന്നത്. ഫാബ്ഫ്ളൂ പോലുള്ള ഫലപ്രദമായ മരുന്നുകളുടെ ലഭ്യത ഈ സമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കൂടാതെ ഇന്ത്യയിലെ കോവിഡ്-19 ബാധിതര്‍ക്ക് അടിയന്തിരവും സമയബന്ധിതവുമായ തെറാപ്പി ഓപ്ഷന്‍ ഇത് വാഗ്ദാനം ചെയ്യുന്നു – ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഗ്ലെന്‍ സല്‍ധാന്‍ഹ പറഞ്ഞു.
ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ മിതമായ രോഗലക്ഷണമുള്ളവരില്‍ ഇത് മികച്ച പ്രതികരണമുണ്ടാക്കിയതായി തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല ഇത് വായിലൂടെ നല്‍കുന്നതിനാല്‍ മറ്റ് ഇന്‍ട്രാവീനസ് മരുന്നുകളേക്കാള്‍ ഫലപ്രദമാണ്. രാജ്യത്തൊട്ടാകെയുള്ള രോഗികള്‍ക്ക് എത്രയുംവേഗം മരുന്ന് ലഭ്യമാക്കുന്നതിന് സര്‍ക്കാരുമായും ആരോഗ്യസംവിധാനങ്ങളുമായും ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ ഗ്ലെന്‍മാര്‍ക്ക് തയ്യാറായിക്കഴിഞ്ഞു – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടാബ്ലറ്റ് ഒന്നിന് 103 രൂപ നിരക്കില്‍ മരുന്ന് ഉടന്‍ വിപണിയില്‍ ലഭ്യമാകും. ഒന്നാം ദിവസം 1800 മില്ലിഗ്രാം വീതം രണ്ടു തവണയും അടുത്ത 14 ദിവസം വരെ 800 മില്ലിഗ്രാം വീതം രണ്ടു തവണയും ഈ മരുന്ന് ഉപയോഗിക്കണം. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനുണ്ടെങ്കിലേ മരുന്ന് ലഭ്യമാകു.