KeralaNews

എല്ലാം പെണ്‍കുട്ടിയുടെ തോന്നല്‍ മാത്രം! പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പരിശോധന ഫലം; തൃശൂരില്‍ നടന്ന സംഭവം ഇങ്ങനെ

തൃശൂര്‍: രണ്ടുപേര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പതിനേഴുകാരിയുടെ മൊഴി വെറും തോന്നല്‍ മാത്രമെന്ന് കണ്ടെത്തല്‍. തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് പോകുന്നതിനിടെ ജൂണ്‍ 19ന് രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. എന്നാല്‍ ആരോപണം മാനസിക പ്രശ്നങ്ങളുള്ള പെണ്‍കുട്ടിയുടെ വെറും തോന്നല്‍ മാത്രമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ തെളിവുകളൊന്നും മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്താനായിട്ടില്ല.

രാമവര്‍മപുരത്തെ പ്രത്യേക കേന്ദ്രത്തിലേക്ക് നടന്നുപോകുന്നതിനിടെ രണ്ടുപേര്‍ പീഡിപ്പിച്ചതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഗുരുവായൂരില്‍ നിന്ന് ബൈക്കില്‍ രണ്ടുപേര്‍ ലിഫ്റ്റ് നല്‍കിയെന്നും കുന്നംകുളത്ത് എത്തിച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴിയില്‍ പറയുന്നത്. ഇതേതുടര്‍ന്നു പോലീസ് പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി അന്വേഷണം തുടങ്ങി.

ഈ റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും തുമ്പൊന്നും കണ്ടെത്തിയില്ല. സംശയിക്കുന്നവരെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ആരെയും തിരിച്ചറിയാന്‍ പെണ്‍കുട്ടിക്കായില്ല. പിന്നീട് പെണ്‍കുട്ടി മൊഴി തിരുത്തി. ഒരാള്‍ മാത്രമാണ് തന്നെ പീഡിപ്പിച്ചതെന്നും അത് ഗുരുവായൂരില്‍ വെച്ചായിരുന്നുവെന്നും പറഞ്ഞു. എന്നാല്‍ ആരും തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും താന്‍ കഥ മെനയുകയായിരുന്നുവെന്നും പെണ്‍കുട്ടി പിന്നീട് പറഞ്ഞു. ഇതിനെ സാധൂകരിക്കുന്നതാണ് മെഡിക്കല്‍ പരിശോധനാഫലവും.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നഗരത്തിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. സ്‌കീസോഫ്രീനിയയോ സമാനമായ മറ്റ് ആരോഗ്യ അവസ്ഥയോ ആണ് കുട്ടിക്കുള്ളതെന്നാണ് ആരോഗ്യ വിദഗ്ധരുടെ സംശയം.

നേരത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലുള്ള കേന്ദ്രങ്ങളില്‍ കുട്ടിയെ പാര്‍പ്പിച്ചിരുന്നു. നാലോ അഞ്ചോ മാസം മുന്‍പാണ് പെണ്‍കുട്ടിയെ രാമവര്‍മപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. മൂന്നുമാസത്തിന് ശേഷം ചാവക്കാടുള്ള മറ്റൊരു സ്ത്രീയുടെ വീട്ടിലേക്ക് പോയി. മാനസിക ആരോഗ്യം വീണ്ടെടുത്തുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ വീണ്ടും ജുവനൈല്‍ കേന്ദ്രത്തിലേക്ക് മാറ്റിയങ്കിലും അവിടെ തുടര്‍ന്നില്ല.

സെപ്തംബറില്‍ കുട്ടിക്ക് 18 തികയും. അതുകഴിഞ്ഞാല്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള സംരക്ഷണം പെണ്‍കുട്ടിക്ക് ലഭിക്കുകയില്ല. ഇതും ആശങ്കയുളവാക്കുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. ’18 വയസുകഴിഞ്ഞാല്‍ കുട്ടി എങ്ങോട്ടുപോകുമെന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ചിലപ്പോള്‍ കുട്ടി സാധാരണപോലെ പെരുമാറും. മറ്റുചിലപ്പോള്‍ അസാധാരണമാംവിധവും പെരുമാറുന്നു. ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ അവളെ സംരക്ഷിക്കാന്‍ മുന്നോട്ടുവന്നില്ലെങ്കില്‍ കുട്ടിയുടെ കാര്യം കഷ്ടത്തിലാകും’ സിഡബ്ല്യുസി ചെയര്‍മാന്‍ ഡോ. വിശ്വനാഥന്‍ പറഞ്ഞു.

എന്നാല്‍, ചെറുപ്രായത്തില്‍ കുട്ടിനേരിട്ട പീഡനങ്ങളുടെ അനന്തരഫലമാകാം ഈ തോന്നലുകളെന്നാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലെ വിദഗ്ധര്‍ പറയുന്നത്. കുട്ടിക്ക് 12-13 വയസുള്ളപ്പോള്‍ നടന്ന പീഡനങ്ങളുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ഇപ്പോള്‍ ജയിലിലാണ്. വര്‍ഷങ്ങളായി അച്ഛനും കുടുംബത്തെ ഉപേക്ഷിച്ച മട്ടാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker