നാളെ ശബരിമല സന്ദര്‍ശിക്കും, എന്ത് സംഭവിച്ചാലും പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് തൃപ്തി ദേശായി
ന്യൂഡല്‍ഹി: ശബരിമല ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തുമെന്ന്
ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. തന്റെ പക്കല്‍ 2018 ലെ സുപ്രീം കോടതിയുടെ വിധി പകര്‍പ്പുണ്ടെന്നും എന്ത് സംഭവിച്ചാലും സംസ്ഥാന സര്‍ക്കാരിനാവും പൂര്‍ണ്ണ ഉത്തരവാദിത്തമെന്നും തൃപ്തി പറഞ്ഞു. ശബരിമലയില്‍ തത്കാലം യുവതികള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് തൃപ്തിയുടെ നടപടി.
‘ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച 2018 ലെ സുപ്രീം കോടതി വിധിക്ക് സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാല്‍ അത് നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് ശബരിമലയില്‍ പ്രവേശിക്കണമെങ്കില്‍ യുവതികള്‍ കോടതി ഉത്തരവുമായി വരണമെന്നാണ്. എന്റെ കൈയ്യില്‍ വിധിപ്പകര്‍പ്പുണ്ട്. നാളെ ഞാന്‍ ശബരിമലയിലേക്ക് വരും. എന്ത് സംഭവിച്ചാലും പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്,’ തൃപ്തി ദേശായി വ്യക്തമാക്കി.
കൂടാതെ, ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ അവിടെ തമ്പടിച്ചിരിക്കുന്ന, ഈ വിധി നടപ്പാക്കരുതെന്ന് പറയുന്ന ആളുകള്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാലാണ് സംരക്ഷണം നല്‍കേണ്ടത്. ഇപ്പോഴും 2018 ലെ വിധി നിലനില്‍ക്കുന്നുവെന്ന് വ്യക്തമാണ്. എന്നാല്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചിരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും തൃപ്തി ദേശായി കൂട്ടിച്ചേര്‍ത്തു.