FeaturedHome-bannerKeralaNews

റവന്യൂ വകുപ്പ് ഉത്തരവ് സംശയമുനയിൽ,അഞ്ച് ജില്ലകളിൽനിന്ന് മുറിച്ചുകടത്തിയത് നൂറുകോടിയുടെ തേക്കും ഈട്ടിയും

കല്പറ്റ:പട്ടയഭൂമിയിലെ റിസർവ്ചെയ്ത മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട് 2020 ഒക്ടോബർ 24-ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് നടന്നത് വൻ മരംകൊള്ള. റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലുള്ള റിസർവ് മരങ്ങളായ ഈട്ടി, തേക്ക് തുടങ്ങിയവയാണ്‌ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും മുറിച്ചു കടത്തിയത്. മൂന്നുമാസത്തിനുശേഷം റവന്യൂവകുപ്പ് ഈ ഉത്തരവ് പിൻവലിച്ചെങ്കിലും അപ്പോഴേക്കും നൂറുകോടിയിലേറെ രൂപയുടെ മരങ്ങളെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വനം, റവന്യൂ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

വയനാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് വ്യാപകമായി മരം മുറിച്ചത്. വയനാട് മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് മുറിച്ചുകടത്താൻ ശ്രമിച്ച 15 കോടിയോളം രൂപ വിലവരുന്ന ഈട്ടിത്തടി മാത്രമാണ് ഇതിൽ പിടിച്ചെടുത്തത്. ഇടുക്കി, തൃശ്ശൂർ, എറണാകുളം ജില്ലകളിലാണ് വലിയ തോതിൽ മരം മുറിച്ചുകടത്തിയതെങ്കിലും ഇവിടങ്ങളിലൊന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. 101 മരങ്ങളാണ് വയനാട്ടിൽ നിന്നു മുറിച്ചത്. തൃശ്ശൂർ, എറണാകുളം ജില്ലകളിൽ 500 ഈട്ടി, തേക്ക് മരങ്ങളെങ്കിലും മുറിച്ചുകാണുമെന്നാണ് വനംവകുപ്പ്‌ ഉദ്യോഗസ്ഥരുടെ നിഗമനം. ഇടുക്കിയിൽ ഇതിലും കൂടുതൽ വരുമെന്നും കരുതുന്നു.

1964-ലെ ചട്ടങ്ങൾ പ്രകാരം ഭൂമി പതിച്ചുകിട്ടുന്ന സമയത്ത് വൃക്ഷവില അടച്ച് റിസർവ് ചെയ്ത ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും കർഷകർക്ക് മുറിക്കാമെന്നായിരുന്നു 2020-ലെ ഉത്തരവ്. ഇതിന് ആരുടെയും അനുവാദം വാങ്ങേണ്ടതില്ലെന്നും വ്യക്തമാക്കി. മരം മുറിക്കുന്നത് തടസ്സപ്പെടുത്തിയാൽ ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കി ഉദ്യോഗസ്ഥർക്കുനേരെ കർശന നടപടി സ്വീകരിക്കുമെന്ന താക്കീതും പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിലുണ്ടായിരുന്നു. നടപടിയെക്കുറിച്ചുള്ള ഇത്തരം പരാമർശം സാധാരണ ഉത്തരവുകളിൽ ഉണ്ടാവാറില്ല.

സംസ്ഥാനത്ത് വ്യാപകമായി മരംകൊള്ളയ്ക്ക് പശ്ചാത്തലമൊരുക്കാനാണ് റവന്യൂ വകുപ്പിന്റെ വിചിത്രമായ ഉത്തരവെന്ന് അന്നുതന്നെ പരിസ്ഥിതി സംഘടനകൾ ആരോപിച്ചിരുന്നു. ഉത്തരവിൽ വ്യക്തതയില്ലാത്തതിനാൽ ഇതുപ്രകാരം തത്കാലം മരം മുറിക്കരുതെന്ന് ചില ജില്ലകളിൽ കളക്ടർമാർ വാക്കാൽ നിർദേശം നൽകി. ഉത്തരവ് മരം കൊള്ളയ്ക്ക്‌ സാഹചര്യമൊരുക്കുമെന്ന് കളക്ടർമാരുൾപ്പെടെ റവന്യൂവകുപ്പിനെ അറിയിച്ചെങ്കിലും മുഖവിലക്കെടുത്തില്ല.

ഇതിനിടയിലാണ് ഈട്ടി, തേക്ക് മരങ്ങൾ മുറിച്ചുകടത്തിയത്. ഉത്തരവു ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജികൾ വന്ന പശ്ചാത്തലത്തിൽ മൂന്നൂ മാസത്തിനുശേഷമാണ് ഉത്തരവ് റവന്യൂ വകുപ്പ് പിൻവലിച്ചത്. ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് പട്ടയത്തിലെ ഷെഡ്യൂൾ പ്രകാരം റിസർവ് ചെയ്ത മരങ്ങളും മുറിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായി റദ്ദുചെയ്തുകൊണ്ടുള്ള ഉത്തരവിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി. റിസർവ് മരങ്ങൾ വ്യാപകമായി മുറിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്ന് ഉത്തരവിൽ പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ ഒരു നടപടിക്കും സർക്കാർ തയ്യാറായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker