KeralaNews

പ്രതിഷേധക്കടലിരമ്പുന്നു; ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി

കവരത്തി: അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഞായറാഴ്ച മുതല്‍ എഡിഎമ്മിന്റെ അനുമതിയോടെ മാത്രമേ ദ്വീപിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കൂ.

നിലവില്‍ സന്ദര്‍ശകപാസുളളവര്‍ക്ക് ഒരാഴ്ച കൂടി ദ്വീപില്‍ തുടരാം. പാസ് നീട്ടണമെങ്കില്‍ എഡിഎമ്മിന്റെ പ്രത്യേക അനുമതി വേണം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിശദീകരണം.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫൂല്‍ ഖോഡ പട്ടേലിന്റെ നടപടികളെ വിമര്‍ശിച്ച് മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഉമേഷ് സൈഗാള്‍ രംഗത്തെത്തിയിട്ടുണ്ട്. പുതിയ തീരുമാനങ്ങള്‍ ദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ത്തുവെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് അയച്ച കത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. പ്രഫൂല്‍ പട്ടേലിന് പ്രത്യേക അജണ്ടയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഗുണ്ടാ ആക്ടും അംഗനവാടികള്‍ അടച്ചുപൂട്ടിയതും തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപ് ജനതയുടെ സമാധാന ജീവിതത്തിനു വേണ്ടി ലക്ഷം ദീപങ്ങള്‍ തെളിയിച്ചു മലയാളം ട്വിറ്ററും രംഗത്ത് എത്തിയിരിന്നു. ലക്ഷദ്വീപം, ലെറ്റ് ലിവ് ലക്ഷദ്വീപ് എന്നീ ഹാഷ് ടാഗുകളില്‍ ആണ് ട്വിറ്ററിലെ മലയാളം കൂട്ടായ്മ ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കേരളത്തില്‍ അങ്ങോളം ഇങ്ങോളം ദീപങ്ങള്‍ തെളിയിച്ചത്.

മലയാളത്തിലെ പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ ഉള്‍പ്പടെ ലക്ഷദ്വീപിന് വേണ്ടി പ്രകാശം പരത്തിയുള്ള മലയാളി മനസിന്റെ കരുതലിനു ഒപ്പം നിന്നു ദീപം തെളിയിച്ചു. സമാധാന ജീവിതം താറുമാറായി തുടങ്ങിയതോടെ അരികിലുണ്ടെന്ന ഉറപ്പോടെ മലയാളികള്‍ ഉയര്‍ത്തി വിട്ട പ്രതികരണങ്ങള്‍ സേവ് ലക്ഷദ്വീപ്, വീ സ്റ്റാന്‍ഡ് വിത്ത് ലക്ഷദ്വീപ്, ടുഗദര്‍ വിത്ത് ലക്ഷദ്വീപ് എന്നീ ഹാഷ് ടാഗുകളിലുടെ ട്വിറ്ററില്‍ ഒന്നാം നിര ട്രെന്‍ഡിംഗിലേക്ക് ഉയര്‍ന്ന് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞിരുന്നു.

അതിന് പുറമേയാണ് മലയാളം ട്വിറ്റര്‍ കൂട്ടായ്മ ലക്ഷദ്വീപിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഇന്നലെ ലക്ഷദ്വീപം എന്ന ഹാഷ് ടാഗോട് കൂടി പ്രകാശം പരത്തുന്ന പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങിയത്. ലക്ഷദ്വീപം എന്ന ഹാഷ്ടാഗും ഒരു ലക്ഷത്തിന് അടുത്ത് ട്വീറ്റുകളും ആയി ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമത് എത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker