KeralaNews

ഒരാളുടെ പേരിലുള്ള വാഹനം സൗജന്യമായോ ആ അല്ലാതെയോ മറ്റൊരാൾക്ക് ഓടിക്കാനാകില്ലെന്ന് ഗതാഗത കമ്മീഷണ‌ർ സി എച്ച് നാഗരാജു

തിരുവനന്തപുരം: സ്വകാര്യ വാഹനം പണത്തിനോ ഫ്രീയായോ മറ്റൊരാൾക്ക് ഓടിക്കാൻ നൽകുന്നത് നിയമവിരുദ്ധമെന്ന ട്രാൻസ്പോ‌ർട്ട് കമ്മീഷണർ സി.എച്ച് നാഗരാജു. ഒരാളുടെ വാഹനം മറ്റൊരാളുടെ കൈവശം കണ്ടാൽ അത് സാമ്പത്തിക ലാഭത്തിന് കൈമാറിയെന്ന് നിഗമനത്തിലെത്തുമെന്നാണ് കമ്മീഷണ‌ർ ആലപ്പുഴയിൽ പറഞ്ഞത്. അങ്ങനെയുള്ളവർക്കെതിരേ അനുമതിയില്ലാതെ വാടകയ്‌ക്ക് നൽകിയെന്ന കുറ്റം ചുമത്തുമെന്നാണ് മുന്നറിയിപ്പ്.

എന്നാൽ നാഗരാജുവിന്റെ പ്രസ്താവനയിൽ അടിമുടി ആശയക്കുഴപ്പം ഉണ്ടായിരിക്കുകയാണ്. ഗതാഗത കമ്മീഷണറുടെ ഈ വികല വാദം പ്രവാസികൾ ഏറെയുള്ള കേരളത്തെ ഏറെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

സ്വന്തം പേരിലെടുത്ത വാഹനം ഡ്രൈവറെ വച്ച് ഓടിക്കുന്നവർക്കും ബന്ധുക്കളെ ഉപയോഗിച്ച് ഓടിക്കുന്നവർക്കുമെല്ലാം ഇനി മുതൽ കുറ്റം ചുമത്തപ്പെടുമോ എന്ന ആശങ്കയുമുണ്ട്. വെള്ള ബോർഡ് വച്ച് റെന്റ് എ കാർ നൽകുന്നത് നിയമവിരുദ്ധമാണെന്നാണ് കമ്മീഷണ‌ർ പറയുന്നത്. ഒരാളുടെ ആവശ്യത്തിന് വാങ്ങുന്ന വാഹനം ഫ്രീ ആയോ അല്ലാതെയോ മറ്റൊരാൾക്ക് നൽകാനാവില്ലെന്നാണ് നിയമം എന്നും നാഗരാജു പറയുന്നു.

നിങ്ങൾക്ക് സ്വന്തമായി ഒരു വാഹനം ഇല്ലെങ്കിൽ ടാക്സിയോ റെന്റ് എ കാറോ മാത്രം ഉപയോഗിച്ചാലേ നിയമസംരക്ഷണം ഉറപ്പുവരുത്താനാവൂ എന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്.

മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്ന് ഇപ്പോൾ തന്നെ വാഹന ഉടമകളെ പലരീതിയിൽ പിഴിയുന്നുവെന്ന ആരോപണമുണ്ട്. അതിനോടൊപ്പം നാഗരാജു ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ കൂടി വരുമ്പോൾ വാഹന ഉടമകളെ കാത്തിരിക്കുന്നത് കടുത്ത പീഡനങ്ങൾ ആണെന്ന് വ്യക്തം.

ആലപ്പുഴയിൽ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടസ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗതാഗത കമ്മീഷണര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker