KeralaNewsNews

പരശുറാമും വേണാടും മെമുവും റദ്ദാക്കി, എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാർ ദുരിതത്തിൽ

ഏറ്റുമാനൂർ : ചിങ്ങവനം ഇരട്ട പാത കമ്മീഷൻ പുരോഗമിക്കുന്നതിന്റെ ഭാഗമായി മെയ്‌ 22 മുതൽ 28 വരെ ഏഴ് ദിവസം കൊല്ലം- എറണാകുളം മെമുവും മെയ്‌ 24 മുതൽ 28 വരെ അഞ്ചുദിവസം വേണാടും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. മംഗലാപുരം പരശുറാം മെയ്‌ 21 മുതൽ ഒൻപത് ദിവസവും റദ്ദാക്കിയതിൽ പെടുന്നു.

ഇതോടെ രാവിലെ എറണാകുളം ഭാഗത്തേയ്ക്ക് ജോലിയ്ക്കും പഠന സംബന്ധമായും യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകളാണ് ദുരിതത്തിലായിരിക്കുന്നത്. ഗതാഗതം പൂർണ്ണമായും സ്തംഭിപ്പിക്കാതെ നടത്തുന്ന നവീകരണ പ്രവർത്തനങ്ങളിൽ ബദൽ സൗകര്യമൊരുക്കാതെ എറണാകുളം ഭാഗത്തേയ്ക്ക് മാത്രമുള്ള ട്രെയിനുകൾ മാത്രം റദ്ദാക്കിയത് യാത്രക്കാർക്കിടയിൽ കടുത്ത അമർഷത്തിനിടയാക്കി.

മാസത്തിലെ ആദ്യ ആഴ്ചയിൽ തന്നെ കോട്ടയം നിലമ്പൂർ എക്സ്പ്രസ്സ്‌ മെയ്‌ 29 വരെ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചിരുന്നു. കമ്മീഷൻ ദിവസമായ മെയ്‌ 28 ന് ഒഴികെയുള്ള ദിവസങ്ങളിൽ എറണാകുളം ഭാഗത്തേയ്ക്ക് പാലരുവി എക്സ്പ്രസ്സ്‌ മാത്രമാണ് സർവീസ് നടത്തുന്നത്. പാലരുവിയിൽ ജനറൽ കോച്ചുകൾ പരിമിതമായതിനാൽ കടുത്ത യാത്രാക്ലേശമാവും വരും ദിവസങ്ങളിൽ കോട്ടയം യാത്രക്കാരെ കാത്തിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല.

രാവിലെയുള്ള നിലമ്പൂർ എക്സ്പ്രസ്സും മെമുവും വേണാടും പരശുറാമും ഒരുമിച്ച് റദ്ദാക്കിയതോടെ ഏറ്റുമാനൂർ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാരെയാണ് കൂടുതൽ വലച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ സർവീസ് നടത്തുന്ന പാലരുവി എക്സ്പ്രസ്സിനാകട്ടെ ഏറ്റുമാനൂരിൽ സ്റ്റോപ്പും ഇല്ല.

കടുത്ത നിയന്ത്രണമുള്ള ദിവസങ്ങളിൽ സർവീസ് നടത്തുന്ന പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ്‌ അനുവദിക്കണമെന്ന ആവശ്യം ഇതോടെ ശക്തമാണ്. ഏറ്റുമാനൂർ സ്റ്റേഷനോടുള്ള അവഗണനയുടെ തുടർച്ചയാണിതെന്നും മുമ്പും ഇത്തരം സാഹചര്യങ്ങളിൽ റെയിൽവേ താത്കാലിക സ്റ്റോപ്പ്‌ നൽകിയിട്ടുണ്ടെന്നും ഏറ്റുമാനൂർ യാത്രക്കാരെ പ്രതിനിധീകരിച്ച് ശ്രീജിത്ത് കുമാർ പ്രതികരിച്ചു.

കോട്ടയം ഇരട്ടപാത പൂർത്തിയാകുന്നതോടെ ഏറ്റുമാനൂരിൽ പാലരുവിയ്ക്ക് സ്റ്റോപ്പ്‌ അനുവദിക്കുന്നതിൽ തടസ്സമില്ലെന്ന് റെയിൽവേ നേരെത്തെ അറിയിച്ചതാണ്. കടുത്ത പ്രതിസന്ധിയിലും വളരെ പ്രതീക്ഷയോടെയാണ് യാത്രക്കാർ കോട്ടയം സ്റ്റേഷന്റെ നവീകരപ്രവർത്തനങ്ങൾ ഉറ്റു നോക്കുന്നത്. ആയുസ്സിന്റെ നല്ല പങ്കും ക്രോസ്സിംഗിനായി പിടിച്ചിട്ട ഒരു തലമുറയുടെ മുറവിളി ഇതോടെ അവസാനിക്കുകയാണ്.

കോട്ടയം അഞ്ചു പ്ലാറ്റ് ഫോം എന്ന ചരിത്രനേട്ടം സ്വന്തമാക്കുമ്പോൾ കൂടുതൽ ട്രെയിനുകൾ കോട്ടയം വഴി ആരംഭിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. കേവലം മൂന്ന് പ്ലാറ്റ് ഫോം മാത്രമുള്ള ആലപ്പുഴ, കണ്ണൂർ സ്റ്റേഷനുകളിൽ നിന്ന് അന്യസംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ബഹുദൂര സർവീസുകൾ ആരംഭിച്ചിട്ടും കോട്ടയം സ്റ്റേഷനെ റെയിൽവേ ഇതുവരെ തഴയുകയായിരുന്നു. എറണാകുളം സ്റ്റേഷനിൽ അവസാനിക്കുന്ന കാരയ്ക്കൽ എക്സ്പ്രസ്സ്‌, കണ്ണൂർ ഇന്റർസിറ്റി പോലുള്ള ട്രെയിനുകൾ കോട്ടത്തേയ്ക്ക് നീട്ടണമെന്ന് യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്‌. എറണാകുളം ജംഗ്ഷനിലെ പ്ലാറ്റ് ഫോം ദൗർലഭ്യം മൂലമുള്ള സമയ നഷ്ടവും ഇതോടെ പരിഹരിക്കാനാകും. കൂടുതൽ ട്രെയിനുകൾ ലഭിച്ചാൽ മാത്രമേ സ്റ്റേഷൻ വികസനം യാഥാർഥ്യമാകുകയുള്ളുവെന്നും ഇതിന് ജനപ്രതിനിധികൾ മുൻകൈ എടുക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

ഏറ്റുമാനൂർ സ്റ്റേഷന്റെ നവീകരണ സമയത്ത് നിഷേധിച്ചതാണ് പാലരുവിയ്ക്ക് ഏറ്റുമാനൂർ സ്റ്റോപ്പ്‌. പ്ലാറ്റ് ഫോമിന്റെ ദൗർലഭ്യമായിരുന്നു റെയിൽവേ ആദ്യം ചൂണ്ടിക്കാട്ടിയത്. ഒടുവിൽ കോട്ടയം ഇരട്ട പാത പൂർത്തിയാകാൻ വരെ കാത്തിരുന്ന യാത്രക്കാരെ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് ഏറ്റുമാനൂർ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാർ.

ട്രെയിൻ സർവീസുകളിൽ മുടക്കം വരുന്ന ദിവസങ്ങളിൽ കോട്ടയം എറണാകുളം റൂട്ടിൽ കൂടുതൽ KSRTC ബസുകൾ സർവീസ് നടത്തണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker