പാലക്കാട് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു
പാലക്കാട്: അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും യുവാക്കളുടെ സെല്‍ഫി ഭ്രാന്ത് അവസാനിക്കുന്നില്ല. പാലക്കാട് യാഡില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് വാഗണിന് മുകളില്‍ക്കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍. വടക്കഞ്ചേരി കൊന്നഞ്ചേരി സ്വദേശി ശിവദാസന്റെ മകന്‍ ആദര്‍ശിനാണ് (20) വാഗണിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതലൈനില്‍നിന്ന് ഷോക്കേറ്റത്. ഗുരുതര പരിക്കേറ്റ ആദര്‍ശിനെ തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.10ഓടെയാണ് സംഭവം. സുഹൃത്ത് കൊന്നഞ്ചേരി സ്വദേശി ജെബ്രിനൊപ്പം സ്‌കൂട്ടറിലാണ് പാമ്പാടി സ്വകാര്യകോളേജിലെ വിദ്യാര്‍ഥിയായ ആദര്‍ശ് സ്റ്റേഷനിലെത്തിയത്. ഇരുവരും ഗുഡ്‌സ് ഷെഡ്ഡിന് സമീപം എത്തിയശേഷം ആദര്‍ശ് 11-ാം നമ്പര്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് വാഗണില്‍ കയറുകയായിരുന്നെന്ന് ആര്‍.പി.എഫ്. അധികൃതര്‍ പറഞ്ഞു.
മുകളില്‍ക്കയറിയ വിദ്യാര്‍ഥി മൊബൈല്‍ഫോണില്‍ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തീവണ്ടിക്ക് വൈദ്യുതിനല്‍കുന്ന ഹൈടെന്‍ഷന്‍ ലൈനില്‍ത്തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് ഓടിയെത്തിയ ആര്‍.പി.എഫ്. ജീവനക്കാര്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം ആദര്‍ശിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ബന്ധുക്കളെത്തി പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരിന്നു.