പറവൂര്‍: പാതി വഴിയില്‍ പണിമുടക്കിയതോടെ ഇലക്ടോണിക് സാധനങ്ങളുമായെത്തിയ കണ്ടെയ്നര്‍ ലോറി വഴിയില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ രാജസ്ഥാനിലേക്ക് മുങ്ങി. പരവൂര്‍ മൂത്തകുന്നം കുര്യാപ്പിള്ളി വളവിലാണ് ലോറി നിര്‍ത്തിയിട്ടതതിനെ തുടര്‍ന്ന് ഗതാഗതടസ്സമുണ്ടായത്. രാജസ്ഥാന്‍ രജിസ്ട്രേഷനുള്ള ലോറി ശനിയാഴ്ച വൈകിട്ടോടെ റോഡില്‍ നിര്‍ത്തിയിട്ടു പ്രധാന ഡ്രൈവര്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കൊടുങ്ങല്ലൂരില്‍ നിന്നു ദേശീയപാതയിലൂടെ എത്തുന്ന വാഹനങ്ങള്‍ മൂത്തകുന്നത്തു തിരിഞ്ഞു ലോറി കിടന്നിരുന്ന വണ്‍വേ റോഡില്‍ കയറിയാണു വീണ്ടും ദേശീയപാതയില്‍ പ്രവേശിക്കുന്നത്. ബസുകളടക്കം എത്തുന്ന ഈ വഴിക്ക് വളരെ വീതി കുറവാണ്. ലോറി കിടക്കുന്ന ഭാഗത്ത് റോഡില്‍ വളവുമുണ്ട്.
രണ്ടു ദിവസം ഗതാഗതടസ്സമുണ്ടായെങ്കിലും യാത്രക്കാര്‍ ഇത് കാര്യമാക്കിയില്ല. എന്നാല്‍ കഴിഞ്ഞദിവസം റോഡിലൂടെ എത്തിയ കെഎസ്ആര്‍ടിസി ബസ് ലോറിയെ മറികടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു. തുടര്‍ന്നു നാട്ടുകാര്‍ ലോറിയുടെ സമീപത്തെത്തി പരിശോധിച്ചെങ്കിലും ഡ്രൈവറുടെ ക്യാബിന്‍ ഉള്‍പ്പെടെ പൂട്ടിയിരിക്കുന്നതായാണു കണ്ടത്. സംഭവമറിഞ്ഞു പോലീസ് എത്തി ലോറിയുടെ നമ്പര്‍ പരിശോധിച്ചപ്പോഴാണ് ഉടമയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റെ രണ്ടാം ഡ്രൈവറെയും ക്ലീനറെയും കണ്ടെത്തി. രാജസ്ഥാനിലെ ഇലക്ട്രോണിക്സ് കമ്പനിയില്‍ നിന്നു സാധനങ്ങള്‍ എളമക്കരയിലേക്ക് എത്തിക്കുന്ന വാഹനമാണെന്നും ബ്രേക്ക്ഡൗണ്‍ ആയതിനെ തുടര്‍ന്ന് പ്രധാന ഡ്രൈവര്‍ വാഹനം നിര്‍ത്തിയിട്ടശേഷം രാജസ്ഥാനിലേക്കു പോയെന്നും ഇവര്‍ പറഞ്ഞു. ഇവരുടെ സഹായത്തോടെ വാഹനം തുറന്നു ക്രെയിന്‍ ഉപയോഗിച്ചു കെട്ടിവലിച്ച് വടക്കേക്കര സ്റ്റേഷനിലേക്ക് മാറ്റിയതോടെയാണ് ഗതാഗതത പുനസ്ഥാപിച്ചത്.