കുമളി: കൊറോണ വൈറസ് ഭീതി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന കുമളിയില്‍ ഞായറാഴ്ച മുതല്‍ പൂര്‍ണ ഗതാഗത നിയന്ത്രണം. വാണിജ്യനികുതി കോംപ്ലക്‌സിലെ ചെക്ക്‌പോസ്റ്റില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള ചരക്കുനീക്കവും തൊഴിലാളികളുടെ വരവിനുമാണ് ഇന്നു മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അവശ്യ സര്‍വീസുകളും പാല്‍, പലചരക്ക്, മരക്കറി തുടങ്ങിയവയുടെ ചരക്കുനീക്കം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. തമിഴ്‌നാട്ടിലേക്കു പോയിട്ടുള്ള വാഹനങ്ങള്‍ തിരികെ എത്തുന്നതോടെ ഞായറാഴ്ച മുതല്‍ പൂര്‍ണ ഗതാഗതസ്തംഭനം ഉണ്ടാകും. അതിര്‍ത്തിവഴിയുള്ള അനാവശ്യ ജനസഞ്ചാരവും നിരോധിച്ചിട്ടുണ്ട്.
അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടില്ലെന്ന നിര്‍ദേശവും കുമളി പോലീസ് മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ അറിയിച്ചിട്ടുണ്ട്. പോലീസ്, എക്‌സൈസ്, ആരോഗ്യവകുപ്പ്, മോട്ടോര്‍വാഹന വകുപ്പ് എന്നിവ സംയുക്തമായാണ് നടപടികള്‍ നടപ്പാക്കിയിരിക്കുന്നത്. അതിര്‍ത്തി കടന്ന് എത്തുന്നവരെ ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.
ഗതാഗത സംവിധാനവും ജനസഞ്ചാരവും പരിമിതപ്പെടുത്തിയതോടെ കുമളിയില്‍ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഏതാനും ദിവസം മുന്പ് തേക്കടിയിലേക്കുള്ള പ്രവേശനവും നിരോധിച്ചിരുന്നു.