NationalNews

കൊവിഡ് മറവില്‍ തൊഴില്‍ മേഖലയില്‍ കരിനിയമങ്ങള്‍,22 ന് രാജ്യവ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ മറവില്‍ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ക്രൂരമായി മാറ്റങ്ങള്‍ വരുത്തുന്നതിനെതിരെ 2020 മേയ് 22ന് ദേശവ്യാപകമായി പ്രതിഷേധം സംഘടിപ്പിയ്ക്കുമെന്ന് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി പ്രഖ്യാപിച്ചു.

കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി 2020 മേയ് 14 ന് ചേര്‍ന്ന യോഗത്തില്‍ വെച്ച്, ലോക് ഡൗണ്‍ കാലത്ത് രാജ്യത്തെ തൊഴിലാളികളുടെ സ്ഥിതി ഗുരുതരമായതിന് എതിരെ യോജിച്ച പ്രതിഷേധം വളര്‍ത്തിയെടുക്കുവാന്‍ തീരുമാനിച്ചു. മഹാമാരിയായ കോവിഡ് – 19 ന്റെ വ്യാപനവും രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനേയും തുടര്‍ന്ന് തൊഴിലാളികള്‍ കഷ്ടപ്പാടിലും നിസ്സഹായതയിലും അകപ്പെട്ടിരിക്കുമ്പോള്‍ ലോക് ഡൗണ്‍ മറവില്‍ തൊഴിലാളികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഒന്നൊന്നായി അഴിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്.

ലോക് ഡൗണ്‍ കാലത്ത് മുഴുവന്‍ ശമ്പളം തൊഴിലാളികള്‍ക്ക് നല്‍കണമെന്നും ഗവണ്മെന്റ് നിര്‍ദ്ദേശങ്ങള്‍ വന്‍തോതില്‍ ലംഘനം നടക്കുന്നുണ്ടെന്നും സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രഖ്യാപിച്ച തുകയും റേഷനും വളരെ തുച്ഛമാണെന്നും അത് യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷം ഗുണഭോക്താക്കള്‍ക്കും ലഭിച്ചിട്ടില്ലെന്നും ചൂണ്ടി കാട്ടി ട്രേഡ് യൂണിയനുകള്‍ ഒറ്റൊക്കും കൂട്ടായും അനേകം നിവേദനങ്ങള്‍ പ്രധാനമന്ത്രിയുടേയും തൊഴില്‍ വകുപ്പ് മന്ത്രിയുടേയും മുമ്പാകെ സമര്‍പ്പിച്ചിരുന്നു.

48 ദിവസത്തെ ലോക് ഡൗണ്‍ പ്രക്രിയയില്‍ മഹാസഞ്ചയം തൊഴിലാളികളുടെ തൊഴിലുകള്‍ ഇല്ലാതാക്കി മനുഷ്യത്വരഹിതമായി വാസസ്ഥലങ്ങളില്‍ നിന്ന് ഒഴിപ്പിച്ച് പട്ടിണിയിലേക്ക് തള്ളിവിട്ടു കൊണ്ട് ഇന്ന് കേന്ദ്രത്തില്‍ അധികാരത്തിലുള്ള ഗവണ്മെന്റ് തൊഴിലാളികളെ അടിമത്തത്തിലേക്ക് തള്ളിവിടുവാന്‍ ആക്രമണോത്സുകതയോടെ ശ്രമിക്കുകയാണ്. അനേകം മൈലുകള്‍ റോഡിലൂടെയും റെയില്‍ ട്രാക്കിലൂടെയും വയലിലൂടേയും കാട്ടിലൂടെയും നടന്ന് വീടുകളില്‍ എത്തുവാനുള്ള വ്യഗ്രതയില്‍ പട്ടിണിയിലും അവശതയിലും അപകടങ്ങളിലും അകപെട്ട് അനേകം ജീവന്‍ വഴിയില്‍ നഷ്‌പ്പെട്ടു.

ഏറ്റവും ഒടുവില്‍ മേയ് 14 ന് പ്രഖ്യാപിച്ചതുള്‍പ്പെടെ മൂന്നു ഘട്ടങ്ങളായി പ്രഖ്യാപിച്ച ലോക് ഡൗണിലും അവകാശവാദങ്ങള്‍ ചൊരിഞ്ഞതല്ലാതെ ഭൂരിപക്ഷം തൊഴിലാളികളുടേയും സാധാരണ ജനങ്ങളുടേയും വിഷമങ്ങള്‍ കുറക്കുവാന്‍ യാതൊരു നടപടിയും ഉണ്ടായില്ല. ഇപ്പോള്‍ കേന്ദ്ര ഗവണ്മെന്റ്, ലോക് ഡൗണ്‍ കാലയളവു് മുതലെടുത്തു കൊണ്ട് തൊഴിലാളികളുടേയും ട്രേഡ് യൂണിയനുകളുടേയും അവകാശങ്ങള്‍ ഇല്ലാതാക്കുവാനുള്ള നീക്കം നടത്തുകയാണ്.

അധികാരമുള്ള സംസ്ഥാന ഗവണ്മെന്റുകളിലൂടെ ആരംഭിച്ച് മറ്റു സംസ്ഥാനങ്ങള്‍ അത് പിന്തുടരുന്നതുമായ തന്ത്രത്തിലൂടെയാണ് തൊഴിലാളികളുടെ ജീവിത ഉപാധികളും അവകാശങ്ങളും ഇല്ലാതാക്കുന്ന ഈ നീക്കങ്ങള്‍ ഏകാധിപത്യപരമായി നടത്തുന്നത്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രാലയത്തില്‍ നിന്ന് വിവിധ സംസ്ഥാന ഗവണ്മെന്റുകള്‍ക്ക് അയച്ചിരിക്കുകയാണ്.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകം എന്ന മറവില്‍ ‘ഉത്തര്‍പ്രദേശ് നിശ്ചിത തൊഴില്‍ നിയമങ്ങള്‍ ഒഴിവാക്കല്‍ നിയമം 2020’ എന്ന പേരില്‍ യു.പി. സര്‍ക്കാര്‍ ക്രൂരമായ ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുകയാണ്. ഒറ്റയടിക്ക് 38 തൊഴില്‍ നിയമങ്ങളെ 1000 ദിവസത്തേക്ക് (ഏറെക്കറെ മൂന്നു വര്‍ഷത്തേക്ക് ) അസാധുവാക്കിയിരിക്കുകയാണ്. 1934 ലെ വേതന വിതരണ നിയമത്തിന്റെ അഞ്ചാം വകുപ്പും, 1996 ലെ നിര്‍മ്മാണ തൊഴിലാളി നിയമവും, 1993 ലെ നഷ്ടപരിഹാര നിയമവും, 1976ലെ അടിമ പണി നിയമവും മാത്രമാണ് പ്രാബല്യത്തിലുള്ള അവശേഷിച്ച നിയമങ്ങള്‍. അസാധുവാക്കപ്പെട്ട നിയമങ്ങളില്‍ ട്രേഡ് യൂണിയന്‍ നിയമം, വ്യവസായതര്‍ക്ക നിയമം, തൊഴില്‍ സുരക്ഷയും ആരോഗ്യവും നിയമം, കരാര്‍ തൊഴിലാളി നിയമം, അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം, തുല്യവേതന നിയമം, പ്രസവാനുകൂല്യ നിയമം തുടങ്ങിയവ ഉള്‍പ്പെടും.

തൊഴിലുടമകള്‍ക്ക് യഥേഷ്ടം നിയമനവും പിരിച്ചുവിടലും ( hi re & Fire) നടപ്പിലാക്കുന്നതിനുള്ള അവകാശം അനുവദിച്ചു കൊണ്ടുള്ള രീതിയിലാണ് മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഫാക്ടറി നിയമത്തിലും, വ്യവസായതര്‍ക്ക നിയമത്തിലും, കരാര്‍ തൊഴില്‍ നിയമത്തിലും മാറ്റങ്ങള്‍ വരുത്തിയത്. തര്‍ക്ക പരിഹാരത്തിനുള്ള അവകാശം തടഞ്ഞു കൊണ്ടും ലൈസന്‍സില്ലാതെ തന്നെ കരാറുകാരന് 49 തൊഴിലാളികളെ വരെ സപ്ലൈ ചെയ്യുവാനും യാതൊരു നിയന്ത്രണവുമില്ലാതെ പ്രവര്‍ത്തിക്കുവാനുള്ള അനുവാദം നല്‍കി കൊണ്ടു മുള്ള ഉത്തരവുകളിറക്കി. എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങളെ മുഴുവന്‍ മരവിപ്പിച്ചു നിര്‍ത്തുവാനും പരിശോധനകള്‍ ഒഴിവാക്കുവാനുമുള്ള തീരുമാനങ്ങളെടുത്തു.

തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങളായ വേതനം, നഷ്ടപരിഹാരം, സുരക്ഷിതത്വം എന്നീ കാര്യങ്ങള്‍ക്ക് നാമമാത്രമായിട്ടാണെങ്കില്‍ പോലും ഉണ്ടായിരുന്ന നിയമങ്ങളെ ഇല്ലാതാക്കി. അതു മാത്രമല്ല, തൊഴിലാളി ഒന്നുക്ക് 80 രൂപ വീതം തൊഴിലുടമകള്‍ തൊഴിലാളി ക്ഷേമനിധിയിലേക്ക് നല്‍കേണ്ട തുകയും ഒഴിവാക്കി കൊടുത്തു. ഷോപ്‌സ് & എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഭേദഗതി ചെയ്ത് രാവിലെ 6 മുതല്‍ രാത്രി 12 മണി വരെ 18 മണിക്കൂര്‍ പ്രവര്‍ത്തിക്കുവാനുള്ള അനുമതിയും ഒറ്റയടിക്ക് മദ്ധ്യപ്രദേശ് ഗവണ്മെന്റ് അനുവദിച്ചു.

ഗുജറാത്ത് ഗവണ്മെന്റും സമാനമായി പ്രവൃത്തി സമയം 8ല്‍ നിന്ന് 12 മണിക്കൂറാക്കുവാനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെയ്തതുപോലെ അനേകം നിയമങ്ങളെ 1200 ദിവസം അസാധുവാക്കുവാനുമുള്ള തീരുമാനം നിയവിരുദ്ധമായി എടുത്തിരിക്കുകയാണ്. ആസ്സാം ത്രിപുര തുടങ്ങി മറ്റു സംസ്ഥാനങ്ങളും ഇതേ വഴിയിലുള്ള നീക്കങ്ങള്‍ക്ക് തകൃതിയായതയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

ലോക് ഡൗണ്‍ രണ്ടാം ഘട്ടത്തിന്റെ മറവിലാണ്, ഫാക്ടറി നിയമത്തിനു വിരുദ്ധമായി, എട്ടു സംസ്ഥാന സര്‍ക്കാരുകള്‍ ( ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഒറീസ്സാ, ഹരീയാന, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാന്‍, ബീഹാര്‍) തൊഴില്‍ സമയം എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ 12 മണിക്കൂറാക്കി വര്‍ദ്ധിപ്പിച്ചത്.

ഈ ക്രൂരമായ നടപടികള്‍, തൊഴിലാളികളുടെ ശരിയായ ശമ്പളം, തൊഴില്‍ സുരക്ഷിതത്വം, സാമൂഹിക സുരക്ഷിതത്വം എന്നീ കാര്യങ്ങളിലുള്ള തര്‍ക്കം കൂട്ടായ വിലപേശല്‍ ശക്തിയിലൂടെ പരിഹരിഹരിക്കുവാനുള്ള അവകാശം നിഷേധിച്ച് കൂടുതല്‍ ചൂഷണത്തിന് വിഥേയമാക്കും എന്നു മാത്രമല്ല, സാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യത്തിലുള്ള ലാഭാര്‍ത്ഥിയില്‍ തൊഴിലാളികളെ അടിമത്വ സാഹചര്യങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യും. സ്ത്രീകളും മറ്റു ദുര്‍ബല വിഭാഗങ്ങളും നിര്‍ബന്ധിത തൊഴിലിലൂടെ കൂടുതല്‍ ചൂഷണത്തിന് വിധേയരാക്കപ്പെടും.

ഇതിനര്‍ത്ഥം മൂലധനത്തിന്റെ താല്പര്യാര്‍ത്ഥം കൂലിയോ സുരക്ഷിതത്വമോ ആരോഗ്യ പരിരക്ഷയോ സാമൂഹിക സുരക്ഷയോ പോലുള്ള യാതൊരു അവകാശങ്ങളുമില്ലാത്ത എല്ലാറ്റിലുമുപരി മനുഷ്യ അന്തസ്സു പോലുമില്ലാത്ത അടിമ കളായി തൊഴിലാളികള്‍ മാറ്റപ്പെടും. ഇത് മനുഷ്യാവകാശത്തിന്റെ അടിസ്ഥാന ധാരണക്കുതന്നെ എതിരാണ്.

ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തെ ബ്രിട്ടീഷ് വാഴ്ചയുടെ കാലത്തെ സാഹചര്യത്തിലേക്ക് തള്ളിവിടുവാനാണ് ശ്രമിക്കുന്നത്. തൊഴിലാളികളെ ഈ നിലയില്‍ തളക്കുവാനുള്ള നീചമായ നീക്കം അനുവദിച്ചു കൊടുക്കുവാന്‍ ട്രേഡ് യൂണിയന്‍ പ്രക്ഷോഭങ്ങള്‍ക്ക് കഴിയുകയില്ല എന്നതിനാല്‍ തൊഴിലാളി വിരുദ്ധ നയങ്ങളുടെ ഭാഗമായി വരുന്ന ഈ നീക്കത്തേയും സര്‍വ്വ ശക്തിയും സമാഹരിച്ച് യോജിച്ച് ചെറുത്തു പരാജയപ്പെടുത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. അടിമത്വത്തിലേക്ക് തള്ളിവിടുന്ന ഈ നയത്തെ പ്രതിരോധിക്കുവാന്‍ നാം വരും നാളുകളില്‍ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ വളര്‍ത്തിയെടുക്കണം.

ക്രൂരവും നീചവുമായ ഈ ആക്രമണങ്ങള്‍ക്കെതിരെ തൊഴിലാളകളും യൂണിയനുകളും കൂട്ടായി ഇതിനകം പ്രതിഷേധമുയര്‍ത്തി വരുന്നതില്‍ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്ക് സംതൃപ്തിയുണ്ട്.

ഈ പശ്ചാത്തലത്തില്‍, തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ ഈ നയത്തിന്നെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി മേയ് 22ന് അഖിലേന്ത്യാ പ്രതിഷേധ ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ് .ദേശീയ തലത്തിലുള്ള നേതാക്കള്‍ ഡെല്‍ഹിയില്‍ രാജ്ഘട്ടിലെ ഗാന്ധി സമാധിയില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്കുന്ന നിരാഹാര സമരം അനുഷ്ഠിക്കും.

അന്നേ ദിവസം എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേ പരിപാടികള്‍ സംഘടിപ്പിക്കും.തുടര്‍ന്നുള്ള ദിനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് വീടുകളിലെത്താന്‍ ആശ്വാസം നല്‍കുക, എല്ലാവര്‍ക്കും ഭക്ഷണം ഏര്‍പ്പെടുത്തക, റേഷന്‍ വിതരണത്തിന് എല്ലാവരേയും ഉള്‍പ്പെടുത്തുക, ലോക് ഡൗണ്‍ കാലയളവിനു മുഴുവന്‍ വേതനം നല്കക, രജിസ്സ്‌ത്രേഷന്‍ ഭേദമില്ലാതെ എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും സ്വയം തൊഴിലുകാര്‍ക്കും ആശ്വാസമായി നേരിട്ട് പണം നല്‍കുക, കേന്ദ്ര ജീവനക്കാരുടേയും കേന്ദ്ര പൊതുമേഖലാ ജീവനക്കാരുടേയും DA മരവിപ്പിച്ചതു പിന്‍വലിക്കുക, പെന്‍ഷന്‍കാരുടെ ക്ഷാമബത്ത മരവിപ്പിച്ചത് പിന്‍വലിക്കുക, ലീവ് സറണ്ടര്‍ ആനുകുല്യം പിന്‍വലിച്ചത് പുനഃസ്ഥാപിക്കുക എന്നീ ഡിമാന്റുകള്‍ ഉയര്‍ത്തിആയിരക്കണക്കിനു യൂണിയന്‍ അംഗങ്ങളുടെ പെറ്റീഷനകള്‍ ഗവണ്മെന്റിനു സമര്‍പ്പിക്കും.

കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന കേന്ദ്ര ഗവണ്മെന്റിന്നെതിരെ 1 LO ക്ക് പരാതി നല്കുവാനും തീരുമാനിച്ചിരിക്കുകയാണ്.സാമൂഹിക അകലം പാലിച്ചുകൊണ്ട് ഈ പ്രതിഷേധ പരിപാടി ദേശവ്യാപകമായി വന്‍ വിജയമാക്കണമെന്ന് കേന്ദ്ര ട്രേഡ് യൂണിയനുകളുടേയും ഫെഡറേഷനുകളുടേയും സംയുക്ത സമിതി ആഹ്വാനം ചെയ്യുന്നു.

ഐ.എന്‍.റ്റി.യു.സി,എ.ഐ.റ്റി.യു.സി,എച്ച്.എം.എസ്,സി.ഐ.റ്റി.യു,എ.ഐ.യു.റ്റി.യു.സി,റ്റി.യു.സി.സി സേവ,എ.ഐ.സി.സി.റ്റി.യു,എല്‍.പി.എഫ,്‌യു.റ്റി.യു.സി യൂണിയനുകളാണ് പ്രതിഷേധത്തില്‍ അണിനിരക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker