രാജുവേട്ടാ എന്റെ കഞ്ഞിയിൽ പാറ്റ ഇടരുതെന്ന് പറഞ്ഞു, ലാലേട്ടനുമായി ഒന്നിച്ചൊരു സീൻ ഉണ്ട്:എമ്പുരാനെക്കുറിച്ച് ടൊവിനോ

കൊച്ചി:‘എമ്പുരാൻ’ സിനിമയിലെ നാലാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. നടൻ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഏറ്റവും ഒടുവിൽ സിനിമയുടെ അണിയറപ്രവർത്തർ പുറത്തുവിട്ടത്. ‘ലൂസിഫറി’ലെ ഏറ്റവും ചുരുക്കം സീനുകൾ കൊണ്ട് തന്നെ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് പൃഥ്വിരാജ്, മുരളി ഗോപി എന്നിവർ ചേർന്ന് തനിക്ക് നൽകിയതെന്ന് ടൊവിനോ തോമസ് പറഞ്ഞു.
ജതിൻ രാംദാസ് ‘ലൂസിഫറി’ൽ പറയുന്ന മുണ്ടുടുക്കാനും അറിയാം ആവശ്യമെങ്കിൽ മടക്കിക്കുത്താനും അറിയാം എന്ന ഡയലോഗ് ആണ് താൻ ഏറ്റവും കൂടുതൽ വേദികളിൽ കാണികളുടെ ആവശ്യപ്രകാരം പറഞ്ഞിട്ടുള്ളതെന്നും ഒരിക്കൽ പൃഥ്വിരാജ് ആ ഡയലോഗ് വേദിയിൽ പറഞ്ഞപ്പോൾ, ‘രാജുവേട്ടാ എന്റെ കഞ്ഞിയിൽ പാറ്റ ഇടല്ലേ’ എന്ന് പൃഥ്വിരാജിനോട് പറഞ്ഞുവെന്നും ടൊവിനോ പറയുന്നു.
‘‘ഞാൻ ലൂസിഫറിലെ ജതിൻ രാംദാസ്, സ്വാഭാവികമായും, എമ്പുരാനിലേയും. വളരെ ചുരുക്കം സീനുകൾ കൊണ്ടുതന്നെ ഭയങ്കര രസമുള്ള ക്യാരക്ടർ ആർക്ക് ഉള്ള ഒരു കഥാപാത്രമാണ് ‘ലൂസിഫർ’ സിനിമയിൽ രാജുവേട്ടനും മുരളി ചേട്ടനുംകൂടി തന്നത്. വളരെ കൗതുകത്തോടെയാണ് ഞാൻ ആ കഥാപാത്രത്തെ അന്ന് സമീപിച്ചത്. കാരണം രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലാത്ത ഒരു ചെറുപ്പക്കാരൻ, ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ, അവൻ എങ്ങനെ ഒരു രാഷ്ട്രീയക്കാരനായി മാറുന്നു എന്നും സിനിമയുടെ അവസാനത്തോടെ മുഖ്യമന്ത്രിയായിട്ടാണ് ആ സിനിമ അവസാനിക്കുന്നത്. അപ്പോൾ അതിന്റെ രണ്ടാം ഭാഗം വരുമ്പോൾ ആ കഥാപാത്രം എങ്ങനെയാണ് വികസിക്കാൻ പോകുന്നതെന്ന് അറിയാൻ എനിക്ക് വളരെ ആകാംക്ഷയുണ്ടായിരുന്നു.
എമ്പുരാന്റെ തിരക്കഥയെക്കുറിച്ച് അറിഞ്ഞപ്പോഴും അതിലെ എന്റെ കഥാപാത്രത്തെപ്പറ്റി അറിഞ്ഞപ്പോഴും എന്റെ കൗതുകം കൂടുതലായിരുന്നു. കാരണം ആ കഥാപാത്രത്തിന്റെ ഗതി കൂടുതൽ വലുതാക്കിക്കൊണ്ടുള്ള ഒരു കഥാപാത്രമാണ് എമ്പുരാനിൽ എനിക്ക് ഉള്ളത്. ഒരുപക്ഷേ ഏറ്റവും കൂടുതൽ വേദിയിൽ പ്രേക്ഷകർ ആവശ്യപ്പെട്ടിട്ട് പറഞ്ഞിട്ടുള്ള എന്റെ ഡയലോഗും ലൂസിഫറിലെ തന്നെയാണ്. ‘‘മുണ്ടുടുക്കാനും അറിയാം ആവശ്യമെങ്കിൽ മടക്കിക്കുത്താനും അറിയാം’’ എന്നുപറയുന്ന ഡയലോഗ് എണ്ണമറ്റ വേദികളിൽ ഞാൻ അത് പറഞ്ഞിട്ടുണ്ട്.
ഇടയ്ക്ക് ഒരിക്കൽ ആരോ രാജുവേട്ടനെകൊണ്ട് ആ ഡയലോഗ് പറയിപ്പിച്ചപ്പോൾ ഞാൻ രാജുവേട്ടനോട് പറഞ്ഞു, ‘‘ചേട്ടാ എന്റെ കഞ്ഞിയിൽ പാറ്റ ഇടല്ലേ, ഞാൻ അതുകൊണ്ടാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്’’ എന്ന്. അത്രയും വിസിബിലിറ്റിയും റീച്ചും എനിക്ക് തന്ന കഥാപാത്രമായിരുന്നു ജതിൻ രാംദാസ്. അന്ന് ലൂസിഫറിൽ എനിക്ക് ലാലേട്ടനുമായി ഒരു കോമ്പിനേഷൻ സീൻ പോലും ഉണ്ടായിരുന്നില്ല. പക്ഷേ ഈ സിനിമയിൽ ഞങ്ങൾക്കൊരു കോമ്പിനേഷൻ സീൻ ഉണ്ട്. ഒരുപക്ഷേ ഈ സിനിമയിലെ എന്റെ ഏറ്റവും മികച്ച പ്രകടനവും ആ സീനിലായിരിക്കും എന്നാണ് ഡബ്ബിങ് കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത്.
സ്വാഭാവികമായും വളരെ നല്ല അഭിനേതാക്കൾക്ക് എതിരെ നിന്ന് അഭിനയിക്കുമ്പോൾ അവരിൽ നിന്ന് വരുന്ന ആശയവിനിമയം നമ്മുടെ കഥാപാത്രം ഏറ്റവും നന്നായി വരാൻ സഹായിക്കും. ഞാൻ അപ്പോൾ എമ്പുരാന്റെ റിലീസിനായി ഞാൻ കാത്തിരിക്കുകയാണ്. സിനിമയുടെ സമഗ്രതയെക്കുറിച്ച് എനിക്ക് ചെറിയ ഒരു ധാരണ മാത്രമേയുള്ളൂ. പൂർണമായി ആ സിനിമ ആസ്വദിക്കാനായി ഞാൻ കാത്തിരിക്കുകയാണ്. മാർച്ച് 27, 2025 ന് എമ്പുരാൻ തിയറ്ററുകളിൽ മിസ് ചെയ്യരുത്.’’ ടൊവിനോ തോമസ് പറഞ്ഞു.
ടോവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാംദാസിന്റെ പോസ്റ്റർ മുൻപ് തന്നെ ടോവിനോയുടെ പിറന്നാളിനോടനുബന്ധിച്ച് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ‘‘അധികാരം ഒരു മിഥ്യയാണ്’’ എന്ന ടാഗ്‌ലൈലോടെയാണ് പോസ്റ്റർ പുറത്തുവിട്ടിരുന്നത്. ലൂസിഫറിൽ അതിഥിവേഷത്തിലെത്തിയ ‘ജതിൻ രാംദാസ്’ എമ്പുരാനിൽ മുഴുനീള വേഷത്തിലാകും എത്തുക എന്ന രീതിയിലുള്ള പോസ്റ്ററാണ് അന്ന് പുറത്തുവന്നിരുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയായി മാറിയ ജതിന്‍ രാംദാസ് എമ്പുരാനിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നാണ്.
ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്.