
ചെന്നൈ: തമിഴ്‌നാട്ടില്‍ വിദേശ വനിതക്ക് നേരെ ലൈംഗിക അതിക്രമം. തിരുവണ്ണാമലയില്‍ ഫ്രഞ്ച് വനിതയെ പീഡിപ്പിച്ച ടൂറിസ്റ്റ് ഗൈഡിനെ അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ വെങ്കടേശനാണ് പിടിയിലായത്. യുവതിയെ കെണിയില്‍ വീഴ്ത്തിയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ജനുവരിയില്‍ തിരുവണ്ണാമലയിലെത്തിയ വനിതയെ വിവിധ ആശ്രമങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ വെങ്കടേശന്‍ സഹായിച്ചിരുന്നു. സത്രീയുമായി അടുത്ത ഇയാളെ യുവതിയും വിശ്വസിച്ചു. അരുണാചല മലയില്‍ ധ്യാനിച്ചാല്‍ മനഃശാന്തി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഇവരെ കഴിഞ്ഞ തിങ്കളാഴ്ച വനമേഖലയിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് വെങ്കടേശന്‍ പീഡിപ്പിച്ചത്.
പീഡന ശ്രമത്തിനിടെ ഇവര്‍ ബഹളം വച്ചതോടെ, ക്ഷേത്ര പാതയിലുണ്ടായിരുന്ന തീര്‍ഥാടകര്‍ സ്ഥലത്തെത്തി രക്ഷപ്പെടുത്തി. പീഡനത്തിനിരയായ സ്ത്രീ ഫ്രഞ്ച് കോണ്‍സുലേറ്റില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കോണ്‍സുലേറ്റാണ് പൊലീസില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ കേസെടുത്ത തിരുവണ്ണാമല ഓള്‍ വിമന്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വനം വകുപ്പിനു കീഴിലെ സ്ഥലത്ത് പ്രവേശിക്കുന്നതിന് നിരോധനമുണ്ടെന്നും എല്ലാ വര്‍ഷവും മഹാദീപം നാളുകളില്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമേ ഭക്തര്‍ക്ക് മലയില്‍ പ്രവേശനത്തിന് അനുവാദമുള്ളൂവെന്നും പൊലീസ് അറിയിച്ചു.