കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആലോചിയ്‌ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി,സ്ഥിതിഗതികള്‍ അതീവ ഗുരുതരം
തിരുവനന്തപുരം: കേരളത്തില്‍ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ വീണ്ടും സമ്പൂര്‍ണലോക്ക്ഡൗണ്‍ ആലോചിക്കേണ്ടി വരും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗികളുടെ എണ്ണം ആയിരം കടന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
”സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നേരത്തെ നടത്തി. ഇത്തരം അഭിപ്രായം വീണ്ടും വരുന്നുണ്ട്. അത് ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്”, എന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായി ആയിരം കടന്ന് രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്ന്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 120 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 43 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ഇതിന് മുമ്പ് മാര്‍ച്ച് 23-ന് കേരളം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു ഇത്. സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ ഇപ്പോള്‍ ആളുകള്‍ക്ക് അതിര്‍ത്തി കടന്ന് വരാനാകൂ. അതും ജാഗ്രത പോര്‍ട്ടലില്‍ നിന്ന് പാസ്സ് ഉറപ്പായി ലഭിച്ചതിന് ശേഷം മാത്രം. കര്‍ശനപരിശോധനകള്‍ക്ക് ശേഷം മാത്രമേ അതിര്‍ത്തി കടത്തി വിടൂ എന്നും സര്‍ക്കാര്‍ അറിയിച്ചു.