ദെഹ്‌റാദൂണ്‍: ഉത്തരേന്ത്യയില്‍ തക്കാളിവില പിടിവിട്ടുയരുന്നു. ഉത്തരാഖണ്ഡിലെ ചിലയിടങ്ങളില്‍ വെള്ളിയാഴ്ച തക്കാളി കിലോയ്ക്ക് 250 രൂപവരെയാണ് ഈടാക്കുന്നത്. സംസ്ഥാനത്ത് ഉത്തരകാശിയില്‍ കിലോയ്ക്ക് 180 മുതല്‍ 200 രൂപവരെ ഈടാക്കുമ്പോള്‍ ഗംഗോത്രിധാമില്‍ 250 രൂപവരെയാണ് തക്കാളിക്ക് വില.
ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളില്‍ 200 രൂപമുതല്‍ 250 വരെയാണ് വിലയെന്ന് പച്ചക്കറി വില്‍പ്പനക്കാര്‍ പറയുന്നു. കാലാവസ്ഥയിലുണ്ടായ മാറ്റവും തക്കാളിക്കൃഷി ഗണ്യമായി കുറഞ്ഞതും അന്യസംസ്ഥാനങ്ങളിൽനിന്ന് തക്കാളിവരവ് കുറഞ്ഞതുമാണ് വില വർധിക്കുന്നതിന് കാരണമായത്.
കര്‍ണാടകയിലെ ചിലഭാഗങ്ങളില്‍ അജ്ഞാത രോഗം പടര്‍ന്നുപടിച്ച് കൃഷി നശിച്ചതും തക്കാളി ലഭ്യത കുറയാന്‍ കാരണമായിരുന്നു.
ചെന്നൈയില്‍ തക്കാളി കിലോയ്ക്ക് 100 മുതല്‍ 130 രൂപവരെയാണ് വില. ഇതേത്തുടര്‍ന്ന് സബ്‌സിഡി നിരക്കായി 60 രൂപയ്ക്ക് റേഷന്‍ കടകള്‍ വഴി തക്കാളി ലഭ്യമാക്കാന്‍ തമിഴ്‌നാട്ടിലെ എം.കെ. സ്റ്റാലിന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ബെംഗളൂരുവിലും തക്കാളി വില സെഞ്ച്വറി കടന്നിരുന്നു.
വില കുത്തനെ ഉയര്‍ന്നതിനുപിന്നാലെ സ്വകാര്യ തോട്ടത്തില്‍നിന്ന് ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന തക്കാളി കര്‍ണാടകയിലെ ഹാസനില്‍ മോഷ്ടിച്ചു കടത്തിയിരുന്നു. ബേലൂര്‍ താലൂക്കിലെ സോമനഹള്ളിയിലെ തോട്ടത്തില്‍നിന്നായിരുന്നു ചൊവ്വാഴ്ച രാത്രിയോടെ തക്കാളി മോഷ്ടിച്ചുകടത്തിയത്. വിളഞ്ഞ തക്കാളിമാത്രം തിരഞ്ഞുപിടിച്ച് കള്ളന്മാര്‍ പറിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.