സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ ഉടന്‍ തുറക്കില്ല; കാരണമിതാണ്
തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്തെ കള്ള്ഷാപ്പുകള്‍ ഉടന്‍ തുറക്കില്ല. കള്ളിന്റെ ലഭ്യതക്കുറവും പാലക്കാട് നിന്ന് കള്ള് കൊണ്ടുവരുന്നതിന് അനുമതി ലഭിക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. ഭക്ഷണം പാഴ്സലായി മാത്രമേ നല്‍കാനാകൂ എന്നതിനാല്‍ ഫാമിലി റെസ്റ്റോറന്റായി മാറിയ ഷാപ്പുകളും അടഞ്ഞു കിടക്കാനാണ് സാധ്യത.
മാര്‍ച്ച് അവസാന ആഴ്ചയോടെയാണ് സംസ്ഥാനത്തെ കള്ള് വ്യവസായം പൂര്‍ണമായി നിലയ്ക്കുന്നത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ മാസം 13 മുതല്‍ ഷാപ്പുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
എന്നാല്‍, ഷാപ്പുകളില്‍ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുന്നില്ല. ജില്ലാ അതിര്‍ത്തികള്‍ പിന്നിട്ട് പാലക്കാട് നിന്ന് കള്ള് എത്തിക്കാനുള്ള അനുമതി ഇല്ല. അതുകൊണ്ട് തന്നെ ഷാപ്പുകള്‍ ഈ മാസം 13ന് തുറക്കാന്‍ കഴിയില്ലെന്നാണ് ഷാപ്പുടമകള്‍ വ്യക്തമാക്കുന്നത്.
ഷാപ്പു നടത്തിപ്പുകാര്‍ക്ക് പുറമേ അനുബന്ധ തൊഴിലാളികള്‍ക്കും ഇനിയും ഏറെനാള്‍ കാത്തിരിക്കേണ്ടി വരും. ഭക്ഷണം പാഴ്സലായി മാത്രമേ നല്‍കാവൂ എന്നതിനാല്‍ ഫാമിലി റെസ്റ്റോറന്റുകളായി പ്രവര്‍ത്തിക്കുന്ന ഷാപ്പുകള്‍ക്കും ഉടന്‍ പ്രവര്‍ത്തനം തുടങ്ങാനാവില്ല.