കള്ളുഷാപ്പുകള്‍ മറ്റന്നാള്‍ തുറക്കും,നിബന്ധനകളിങ്ങനെ
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണിനുശേഷം മറ്റന്നാള്‍ മുതല്‍ സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ തുറക്കും.ഷാപ്പുകളില്‍ ഇരുന്ന് മദ്യപാനത്തിന് അനുമതിയില്ല.പാഴ്‌സലായി മാത്രമേ മദ്യം നല്‍കാവൂ എന്നാണ് നിര്‍ദ്ദേശം.ഒരേ സമയം പരമാവധി 5 പേര്‍ക്ക് മാത്രമാണ് ഷാപ്പിലെത്താന്‍ അനുവാദമുള്ളത്.കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഭക്ഷണവിതരണത്തിനുള്ള അനുമതി. തൊഴിലാളികളുടെ എണ്ണവും പരിമിതപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
മദ്യം വാങ്ങാനെത്തുന്നവര്‍ ക്യൂ നില്‍ക്കുമ്പോള്‍ കര്‍ശനമായ ശാരീരിക അകലം പാലിയ്ക്കണം.ഇത് ഷാപ്പുടമയുടെയും ഉദ്യോഗസ്ഥരുടെയും പൂര്‍ണ ഉത്തരവാദിത്തത്തിലാവണം ചെയ്യേണ്ടത്.ക്യൂവില്‍ നില്‍ക്കുന്നവരും ജീവനക്കാരും മുഖാവരണം ധരിയ്ക്കണം. സാന്നിട്ടൈസര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഷാപ്പില്‍ ഏര്‍പ്പെടുത്തണമെന്നും എക്‌സൈസ് വകുപ്പ് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.