ഒപ്പം താമസിക്കുന്ന കാമുകിയുടെ സ്‌നേഹം പരീക്ഷിക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം; ഒടുവില്‍ കാമുകന്‍ അറസ്റ്റില്‍
രാജ്കോട്ട്: ഒപ്പം താമസിക്കുന്ന കാമുകിയുടെ സ്നേഹം പരീക്ഷിക്കുന്നതിന് തട്ടിക്കൊണ്ടുപോകല്‍ നാടകം കളിച്ച യുവാവ് ഒടുവില്‍ അറസ്റ്റിലായി. ഗുജറാത്ത് സ്വദേശിയായ മെഹുല്‍ ജോഷി (23) ആണ് ബുധനാഴ്ച രാത്രി കച്ചിലെ ഭുജില്‍ നിന്നും പിടിയിലായത്.
കാമുകി ഇഷ പച്ചേലിന്റെ(18)സ്നേഹം അളക്കുന്നതിനാണ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് ജോഷി പറയുന്നു.
ഇഷയുടെ സ്നേഹം പരീക്ഷിക്കുന്നതിനു വേണ്ടി ചൊവ്വാഴ്ചയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയത്. മൊബൈലിലെ സിം കാര്‍ഡ് മാറ്റിയ ശേഷം മറ്റൊരു സിം ഇട്ടു. വോയിസ് ചേഞ്ചര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇഷയെ വിളിച്ച് ജോഷിയെ തട്ടിക്കൊണ്ടുപോയെന്നും ജീവനോടെ വിട്ടുകിട്ടണമെങ്കില്‍ മൂന്നു ലക്ഷം രൂപയുമായി ഗാന്ധിധമില്‍ എത്തണമെന്നും ആവശ്യപ്പെട്ടു. ഹിന്ദിയിലായിരുന്നു സംസാരം.
ഫോണ്‍ വന്നതോടെ ഭയന്നുപോയ ഇഷ ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. ജോഷിയുടെ സെല്‍ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച പോലീസ് അയാള്‍ ഗാന്ധിധമിലുണ്ടെന്ന് കണ്ടെത്തി. ഗാന്ധിധം ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഒരു ഗസ്റ്റ് ഹൗസില്‍ ഇയാള്‍ താമസിക്കുന്നുണ്ടെന്ന് വിവരം കിട്ടയതോടെ പോലീസ് അവിടെയെത്തി ജോഷിയെ പിടികൂടുകയായിരുന്നു. ഗസ്റ്റ് ഹൗസില്‍ മറ്റാരുമുണ്ടായിരുന്നില്ല. ചോദ്യം ചെയ്യലില്‍ കാമുകിയുടെ സ്‌നേഹം അളക്കാനാണ് തട്ടിക്കൊണ്ടുപോകല്‍ നാടകത്തിനു പിന്നിലെന്ന് ജോഷി വ്യക്തമാക്കിയതായും ഭുജ് ഇന്‍സ്പെക്ടര്‍ എ.എന്‍ പ്രജാപതി പറഞ്ഞു.