തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നുണ്ടെങ്കിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മാറ്റി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വോട്ടെടുപ്പ് സുഗമമായി നടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളം കയറിയ സ്ഥലങ്ങളില്‍ പോളിംഗ് ബൂത്തുകള്‍ സ്‌കൂളുകളുടെ മുകള്‍ നിലയിലേക്ക് മാറ്റിയിട്ടുണ്ടെന്നും മീണ പറഞ്ഞു. ആകെ 10 പോളിംഗ് ബൂത്തുകളിലാണ് വെള്ളം കയറിയത്. ഇവിടെയെല്ലാം തന്നെ പകരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്ഥിതിഗതികള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവരുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ കാര്യങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ പോളിംഗ് സമയം വര്‍ധിപ്പിക്കുമെന്നും മീണ കൂട്ടിച്ചേര്‍ത്തു.