കോലാര്‍: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കുളത്തില്‍ വീണ യുവതി മരിച്ചു. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലെ 20 കാരിയായ മാല എന്ന യുവതിയാണ് മുങ്ങി മരിച്ചത്.
അവസാന വര്‍ഷ ബി.എ പരീക്ഷയെഴുതി പരീക്ഷാ ഫലം കാത്തിരിക്കുകയായിരുന്നു മാല. യുവതിയുടെ മൃതദേഹം കണ്ടെത്തിയ ഉടന്‍ ബന്ധുക്കള്‍ പോലീസിനെ അറിയിക്കാതെ മൃതദേഹം സംസ്കരിച്ചിരുന്നു.
എന്നാല്‍ ഇക്കാര്യം അറിഞ്ഞ് പോലീസ് സംഘമെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഏതാണ്ട് 30 അടി വീതിയും 30 അടി നീളവും 30 അടി ആഴവും ഉള്ളതാണ് കുളം. ഇതിന് ആള്‍മറയുണ്ടായിരുന്നില്ല. മകള്‍ കാലിത്തീറ്റ വാങ്ങാന്‍ പോയതാണെന്നും അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചതാകുമെന്നുമാണ് അച്ഛന് പോലീസിന് നല്കിയ മൊഴി. എന്നാല്‍ ഒരു സിനിമ രംഗം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല് വഴുതി കുളത്തിലേക്ക് വീണ് മരിച്ചതെന്നാണ് പോലീസ് ഭാഷ്യം. യുവതി ടിക് ടോക് വീഡിയോ എടുക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കുളത്തില്‍ നിന്ന് കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല.