BusinessNationalNews

ടിയാഗോ സി.എന്‍.ജി പതിപ്പുമായി ടാറ്റ,ബുക്കിംഗ് ആരംഭിച്ചു

മുംബൈ:ജനപ്രിയ മോഡല്‍ ടിയാഗോയുടെ സിഎന്‍ജി(Tiago CNG) പതിപ്പ് ഉടന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്(Tata Motors). ഏതാനും ഡീലര്‍ഷിപ്പുകളില്‍ ടിയാഗോ സിഎന്‍ജി മോഡലിന്റെ ബുക്കിംഗ്(Tiago cng booking) തുടങ്ങിയതായും കാര്‍ ടോഖ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 11,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിംഗ് സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസത്തോടെ ഈ വാഹനം അവതരിപ്പിക്കുമെന്നും ഡിസംബര്‍ മാസത്തോടെ വിതരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സി.എന്‍.ജി. ഇന്ധനമായി ഉപയോഗിക്കുന്ന ടിയാഗോ, ടിഗോര്‍ മോഡലുകളുടെ പരീക്ഷണയോട്ട ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

XT, XZ എന്നീ വേരിയന്റുകളായിരിക്കും സി.എന്‍.ജി. മോഡലാകുകയെന്നാണ് വിവരം. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഇതിലും നല്‍കുക. പെട്രോള്‍ മോഡല്‍ 86 പി.എസ്. പവറും 113 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നതെങ്കില്‍ സി.എന്‍.ജിയില്‍ ഇത് 15 മുതല്‍ 20 ശതമാനം വരെ കുറയുമെന്നാണ് വിലയിരുത്തല്‍. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുക.

റെഗുലര്‍ ടിയാഗോയിലെ XZ വേരിന്റില്‍ നല്‍കുന്ന ഫീച്ചറുകളെല്ലാം സി.എന്‍.ജി. പതിപ്പിലും പ്രതീക്ഷിക്കാം. ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വോയിസ് കമാന്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, കൂള്‍ഡ് ഗ്ലോവ് ബോക്‌സ് തുടങ്ങിയവാണ് ഇതിലെ ഫീച്ചറുകള്‍. XT വേരിയന്റില്‍ ടാറ്റ കണക്ട് നെക്സ്റ്റ് ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകളും നല്‍കും. ലുക്കിലും ഡിസൈനിലും റെഗുലര്‍ ടിയാഗോയിക്ക് സമാനമായിരിക്കും സി.എന്‍.ജി. പതുപ്പുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനപ്രിയ മോഡലുകളായ ടിയാഗൊയുടെയും ടിഗോറിന്റെയും സിഎന്‍ജി മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോഴ്‍സ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2016-ലാണ് ടാറ്റ മോട്ടോർസ് ആദ്യ ടിയാഗോയെ വിപണിയിലെത്തിച്ചത്. നാല് വർഷങ്ങൾക്കിപ്പുറം പരിഷ്‍കരിച്ച ടിയാഗോയെ കഴിഞ്ഞ വർഷം ടാറ്റ മോട്ടോർസ് പുറത്തിറക്കിയിരുന്നു. പുത്തൻ ടിയാഗോയുടെ പ്രധാന ഹൈലൈറ്റ് നിറങ്ങൾ ആണ്. ഹാരിയർ എസ്‌യുവി തുടക്കം വച്ച ‘ഇംപാക്ട് ഡിസൈൻ 2.0’ ഡിസൈൻ ഭാഷ്യത്തിനനുസരിച്ചാണ് പുതിയ ടിയാഗോ എത്തിയത്.

വിപണിയില്‍ മികച്ച പ്രതികരണമാണ് ടിയാഗോയ്ക്ക്. മൂന്നുലക്ഷത്തിലധികം ടിയാഗോ യൂണിറ്റുകളാണ് ഇതുവരെ വിപണിയിലെത്തിയത്. 2016 ല്‍ ആരംഭിച്ച ടാറ്റ ടിയാഗോ തകര്‍പ്പന്‍ ഡിസൈന്‍, സാങ്കേതിക വിദ്യ, ഡ്രൈവിംഗ് സൈനാമിക്സ് എന്നിവയുടെ കാര്യത്തില്‍ എല്ലായിടത്തും പ്രശംസ പിടിച്ചുപറ്റി. ഇംപാക്ട് ഡിസൈന്‍ ആശയത്തിനു കീഴിലുള്ള ആദ്യ വാഹനമാണിത്. ഈ വിഭാഗത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന നിരവധി പുതിയ ഫീച്ചറുകളുമായാണ് വാഹനം വിപണിയിലിറങ്ങിയത്.

ടിയാഗോ ടാറ്റാ മോട്ടോഴ്‌സിന്റെ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ച കാര്‍ മാത്രമല്ല, 2018 ഓഗസ്റ്റില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്ക് കൂടിയാണ്. ഈ വര്‍ഷം ആദ്യം, ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ഫോറെവര്‍ ശ്രേണിയുടെ ഭാഗമായി കമ്പനി കാറിന്റെ ബിഎസ് 6 പതിപ്പ് പുറത്തിറക്കിയിരുന്നു. ഗ്ലോബല്‍ എന്‍സിഎപി നല്‍കുന്ന 4-സ്റ്റാര്‍ അഡല്‍റ്റ് സേഫ്റ്റി റേറ്റിംഗ് അംഗീകാരം അതിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ത്തു.

ക്ലാസ് സുരക്ഷാ സവിശേഷതകളായ ഡ്യുവല്‍ എയര്‍ ബാഗുകള്‍, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (സിഎസ്സി) ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം(എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ്, എന്നിവയോടൊപ്പം ഏറെ ഗുണനിലവാരമുള്ള ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ കാറാണ് ടിയാഗോ എന്നതില്‍ സംശയമില്ലെന്നും കമ്പനി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker