ഒത്തുതീര്‍പ്പ് നീളുന്നു; ആറു കോടി ആവശ്യപ്പെട്ട് നാസില്‍, മൂന്നു കോടി നല്‍കാമെന്ന് തുഷാര്‍
ദുബായ്: ബഹ്‌റിനില്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ വണ്ടിച്ചെക്ക് കേസിന്റെ ഒത്തുതീര്‍പ്പ് നീളുന്നു. കേസ് ഒത്തു തീര്‍പ്പാക്കാന്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയോട് നാസില്‍ ആവശ്യപ്പെട്ടത് മുപ്പത് ലക്ഷം ദിര്‍ഹമാണ് (ആറു കോടി). എന്നാല്‍ ഇതിന്റെ പകുതി തുക മാത്രം നല്‍കാം എന്നാണ് തുഷാറിന്റെ നിലപാട്.
കോടതിക്ക് പുറത്തെ ഒത്ത് തീര്‍പ്പ് ചര്‍ച്ചകളില്‍ ആണ് നാസില്‍ അബ്ദുള്ള ആറു കോടിയോളം രൂപ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് കൂടുതലാണെന്നാണ് തുഷാര്‍ നല്‍കിയ മറുപടി. ഇത്രയും തുകയുടെ ബിസിനസ് ഇടപാട് നാസിലുമായി തനിക്ക് ഉണ്ടായിരുന്നില്ല എന്ന് തുഷാര്‍ പറയുന്നു.
അതിനിടെ അജ്മാനില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ തുഷാര്‍ യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവച്ച് ജാമ്യ വ്യസ്ഥയില്‍ ഇളവ് നേടാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. കേസിന്റെ തുടര്‍ നടത്തിപ്പുകള്‍ക്ക് സുഹൃത്തായ അറബിയുടെ പേരില്‍ തുഷാര്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി കഴിഞ്ഞു. ഇന്നിത് കോടതിയില്‍ സമര്‍പ്പിക്കും.
കോടതിക്ക് അകത്തും പുറത്തും വച്ചുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് യാത്രവിലക്ക് ഒഴിവാക്കാന്‍ തുഷാര്‍ പുതിയ ശ്രമം നടത്തുന്നത്. വിചാരണ തീരുന്നത് വരെയോ അല്ലെങ്കില്‍ കോടതിക്ക് പുറത്തു കേസ് ഒത്തുതീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാന്‍ കോടതി കഴിഞ്ഞ വ്യാഴാഴ്ച തുഷാറിനു ജാമ്യം അനുവദിച്ചത്.