കൊച്ചി: എസ്.എന്‍.ഡി.പി യൂണിയന്‍ നേതാവ് കെ കെ മഹേശന്റെ ആത്മഹത്യ അറസ്റ്റ് ഭയന്നെന്ന് തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ നേതൃയോഗം കൊച്ചിയില്‍ ചേരുന്നിടെയാണ് തുഷാറിന്റെ പ്രതികരണം. തെറ്റിധാരണ പരത്താനാണ് കത്തിലെ ആരോപണങ്ങളെന്നും തുഷാര്‍ പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ തന്നെ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കും. എല്ലാ ജില്ലകളിലേയും അണികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി യോഗം നടത്തുമെന്നും തുഷാര്‍ വ്യക്തമാക്കി.
അതേസമയം മൈക്രോ ഫിനാന്‍സ് കേസ് അന്വേഷണത്തില്‍ പിഴവ് സംഭവിച്ചെന്ന് ആത്മഹത്യ ചെയ്ത കെ കെ മഹേശന്റെ ബന്ധുക്കള്‍ പറഞ്ഞു. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ മഹേശനെ ഒറ്റപ്പെടുത്തി കുടുക്കാന്‍ ശ്രമിച്ചു. ഇതിനായി ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് മാനസികമായി പീഡിപ്പിച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.
സ്വാശ്രയ സംഘങ്ങള്‍ക്ക് കൊടുക്കാനായി പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്ന് കോടിക്കണക്കിന് രൂപ കുറഞ്ഞ പലിശയ്ക്ക് വായ്പ എടുക്കുകയും അത് ഉയര്‍ന്ന പലിശ ഈടാക്കി വിതരണം ചെയ്യുകയും ചെയ്തു എന്നതാണ് ഈ കേസിലെ മുഖ്യ പരാതി. വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതി പട്ടികയില്‍ ഉണ്ട്. എന്നാല്‍ സംസ്ഥാന കോര്‍ഡിനേറ്ററായ മഹേശനിലേക്ക് മാത്രം കേസുകള്‍ ഒതുക്കാന്‍ ശ്രമം നടന്നതായി ബന്ധുക്കള്‍ പറയുന്നു.
ഇതിനായി ക്രൈം ബ്രാഞ്ച് കൂട്ടുനിന്നതായും ആരോപണമുണ്ട്. 21ഓളം കേസുകളാണ് മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഉള്ളത്. എന്നാല്‍ ഈ കേസുകളില്‍ എല്ലാം തന്നെ മാത്രം കുടുക്കാന്‍ ഗുഢാലോചന നടന്നതായി മഹേശന്‍ കത്തുകളില്‍ സൂചിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട കേസുകളുടെ യഥാര്‍ത്ഥ സത്യം പുറത്ത് വരണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത് എത്തിയത്. മഹേശന്റെ ഭാര്യയുടെ മൊഴിയെടുക്കല്‍ ആരംഭിച്ചു.