തൃശൂര്‍: പൂരം കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗം തയ്യാറാക്കിയ കുടകളില്‍ ഇടംപിടിച്ച് ആർഎസ്എസ് നേതാവ് സവര്‍ക്കറും. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും നവോഥാന നായകര്‍ക്കുമൊപ്പമാണ് സവര്‍ക്കറും ഇടം പിടിച്ചിരിക്കുന്നത്. ഭഗത് സിംഗിനും ചട്ടമ്പിസ്വാമികള്‍ക്കും മന്നത്ത് പത്‌മനാഭനും ചന്ദ്രശേഖര്‍ ആസാദിനുമൊപ്പമാണ് സവര്‍ക്കറും ഉള്ളത്. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ പുറം തിരിഞ്ഞു നിന്ന സവര്‍ക്കറെ എത്ര വെള്ളപൂശാന്‍ ശ്രമിച്ചാലും സത്യം സത്യമായി നിലനില്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രമോദ് ചൂരങ്ങാട്ട് ആണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ രൂക്ഷ വിമർശനം ഉയർത്തിയത്.
ഇന്നവര്‍ പൂരത്തിന്റെ കുടയിലൂടെ പരിവാര്‍ അജണ്ട തുടങ്ങിവെക്കുന്നു, തൃശൂരില്‍ വരും കാലത്ത് ഇതിലും വലുത് പ്രതീക്ഷിക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാറമേക്കാവ് ദേവസ്വത്തിന്റെ നീക്കത്തിനെതിരെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്.
അതേസമയം, പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദര്‍ശനത്തിന് ഇന്ന് തുടക്കമായി. തിരുവമ്പാടി ദേവസ്വത്തിന്റെ പ്രദര്‍ശനോൽഘാടനും റവന്യൂ മന്ത്രി കെ രാജന്‍ നിർവഹിച്ചപ്പോള്‍ പാറമേക്കാവിന്റേത് മുന്‍ രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയാണ് ഉൽഘാടനം ചെയ്‌തത്. തിരുവമ്പാടിയും പാറമേക്കാവും രണ്ട് ദിവസങ്ങളിലായി ചമയ പ്രദര്‍ശനം നടത്തുന്നുണ്ട്. പൂരത്തലേന്നാണ് സാധാരണ ചമയ പ്രദര്‍ശനം നടത്തി വരാറുള്ളത്. തിരക്ക് കണക്കിലെടുത്ത് ഇക്കുറി ഇന്നും നാളെയുമായാണ് ചമയ പ്രദര്‍ശനം നടത്തുന്നത്.