വാഷിങ്ടണ്‍: മൂക്കൊലിപ്പ്, അതിസാരം, മനംപിരട്ടല്‍/ഓക്കാനം എന്നിവയും കൊവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍പ്പെടുമെന്ന് പഠനം. അമേരിക്കയിലെ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) വിഭാഗമാണു നിലവിലുള്ള പട്ടികയില്‍ ഇതു മൂന്നും കൂട്ടിച്ചേര്‍ത്തത്.
പനി/വിറയല്‍, ചുമ, ശ്വാസതടസം, ക്ഷീണം, പേശി/ശരീര വേദന, മണവും രുചിയും അറിയാന്‍ കഴിയായ്ക, തൊണ്ടവേദന എന്നിവ നേരത്തേതന്നെ ഈ പട്ടികയിലുണ്ട്. കൊവിഡിനെപ്പറ്റി കൂടുതല്‍ ഗവേഷണം നടത്തുന്ന മുറയ്ക്ക് കൂടുതല്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയേക്കാമെന്നു സി.ഡി.സി. അറിയിച്ചു. കൊവിഡ് വൈറസ് ശരീരത്തിലെത്തി രണ്ടു ദിവസത്തിനും 14 ദിവസത്തിനുമിടയ്ക്ക് ഇതില്‍ പല ലക്ഷണങ്ങളും അനുഭവപ്പെട്ടുതുടങ്ങും.
രോഗലക്ഷണങ്ങള്‍ വൈറസ് ബാധിതരായ എല്ലാവരിലുമുണ്ടാകും. പ്രായമേറിയവരിലും പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശരോഗം എന്നിവയുള്ളവരില്‍ ഇതു ഗുരുതരമായേക്കാമെന്നു സി.ഡി.സി. മുന്നറിയിപ്പു നല്‍കി.