രമ്യ ഹരിദാസ് ഉള്‍പ്പെടെ മൂന്നു എം.പിമാരും രണ്ടു എം.എല്‍.എമാരും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം; മാധ്യമപ്രവര്‍ത്തകര്‍ അടക്കം 400 പേര്‍ നിരീക്ഷണത്തില്‍
പാലക്കാട്: വാളയാര്‍ ചെക്ക്പോസ്റ്റില്‍ സമരത്തില്‍ എംപിമാരായ ടി എന്‍ പ്രതാപന്‍, വി കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ് എംഎല്‍എമാരായ അനില്‍ അക്കര, ഷാഫി പറമ്പില്‍ എന്നിവരോട് ക്വാറന്റീനില്‍ പോകാന്‍ പാലക്കാട് ഡിഎംഒയുടെ നിര്‍ദേശം. ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ഡിഎംഒ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത മെഡിക്കല്‍ ബോര്‍ഡാണ് ഈ തീരുമാനം എടുത്തത്.
മെയ് 12 ന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശി ഈ മാസം ഒമ്പതാം തീയതിയാണ് വാളയാര്‍ ചെക്ക്പോസ്റ്റിലെത്തിയത്. അന്നേദിവസം അവിടെ ഉണ്ടായിരുന്ന ജനപ്രതിനിധികള്‍, പൊതു പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, പോലീസുകാര്‍ ഉള്‍പ്പെടെ എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തുണ്ടായിരുന്ന ജനപ്രതിനിധികളും അഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള 50 പോലീസുകാരും 60 ഓളം പത്രദൃശ്യ മാധ്യമപ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍, കൂടാതെ തമിഴ്നാട് ഭാഗത്തുണ്ടായിരുന്ന പൊലീസുകാര്‍, റവന്യൂ-ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, തുടങ്ങി 172 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കൂടാതെ കൊവിഡ് രോഗി എത്തിയ സമയത്ത് അതുവഴി കടന്നുപോയവര്‍ അടക്കം വാളയാറിലുണ്ടായിരുന്ന 400 ലേറെ ആളുകള്‍ നിരീക്ഷണത്തില്‍ പോകണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. 14 ദിവസമാണ് നിരീക്ഷണ കാലാവധി. ആര്‍ക്കെങ്കിലും രോഗലക്ഷണം കണ്ടാല്‍ സാമ്ബിള്‍ പരിശോധനയ്ക്ക് അയക്കും.