ആശ്വാസം,ഇന്ന് സംസ്ഥാനത്ത് 3 പേര്‍ക്ക് മാത്രം പുതുതായി കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയിലുള്ള ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്.
സംസ്ഥാനത്ത് 15 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 5 പേരുടേയും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള മൂന്ന് പേരുടെ വീതവും കൊല്ലം ജില്ലയിലെ ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 331 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 116 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,725 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 21,243 പേര്‍ വീടുകളിലും 482 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 144 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 21941 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 20830 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.