5 ദിവസം, റെക്കോഡ് നേട്ടം സ്വന്തമാക്കി ത്രെഡ്സ്
100 ദശലക്ഷം ഉപയോക്താക്കളുമായി ത്രെഡ് ആപ്പ് മുന്നോട്ട്. ട്വിറ്ററിന് സമാനമായ മെറ്റയുടെ ആപ്പാണ് ത്രെഡ്. ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് ആപ്പ് പ്രവർത്തിക്കുന്നത്. ദിവസം കഴിയുന്തോറും ആപ്പിൽ സൈൻ അപ്പ് ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. 2.35 ബില്യണിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള ഇൻസ്റ്റാഗ്രാമുമായി മെറ്റാ സേവനം ബന്ധിപ്പിച്ചതിനാലാണ് ത്രെഡിന് ഇത്രയധികം ഉപയോക്താക്കളെ സമ്പാദിക്കാൻ കഴിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.
ത്രെഡിൽ സൈൻ അപ്പ് ചെയ്യുന്ന ഉപയോക്താക്കളെ സൂചിപ്പിക്കാൻ ഇൻസ്റ്റാഗ്രാമിൽ താൽക്കാലിക “അക്കൗണ്ട് നമ്പറുകൾ” ചേർക്കുന്നുണ്ട്. ഈ നമ്പറുകൾ കാലക്രമത്തിൽ ഉപയോക്താക്കൾക്ക് നൽകും. ത്രെഡിൽ എത്ര ഉപയോക്താക്കൾ സൈൻ അപ്പ് ചെയ്തിട്ടുണ്ട് എന്നത് അറിയാനും ഇത് സഹായിക്കും. ട്വിറ്ററിന് സമാനമായ ആപ്പെന്ന് പറയുന്നുണ്ടെങ്കിലും ട്വിറ്ററിലുള്ള പല ഫീച്ചറുകളും ഇവിടെ ലഭ്യമല്ല.സ്വകാര്യ സന്ദേശമയയ്‌ക്കൽ (DM-കൾ), ഹാഷ്ടാഗ് ഉപയോഗിച്ച് സെർച്ച് ചെയ്യുന്നത് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഗൂഗിൾ പ്ലേ സ്റ്റോർ വഴി ആൻഡ്രോയിഡിലെ ത്രെഡ്‌സ് ആപ്പിന്റെ ബീറ്റ പതിപ്പ് പരീക്ഷിക്കാനുമാവില്ല.
ഇൻസ്റ്റാഗ്രാമുമായി ലിങ്ക് ചെയ്തിരിക്കുന്നതിനാൽ ത്രെഡ് ആപ്പ് ഡീലിറ്റ് ചെയ്താൽ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഡീലിറ്റാകും. ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി പറയുന്നതനുസരിച്ച്, ഉപയോക്താക്കൾക്ക് അവരുടെ ത്രെഡ്‌സ് അക്കൗണ്ടും ഇൻസ്റ്റഗ്രാമും വെവ്വേറെ ആക്കാനുള്ള പ്രവർത്തനത്തിലാണ് കമ്പനി . ഉപയോക്താക്കളുടെ എണ്ണത്തിൽ കമ്പനി റെക്കോർഡിട്ടു എങ്കിലും എത്ര പേർ ആപ്പിൽ സജീവമാകുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
കഴിഞ്ഞ ദിവസം ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം മസ്ക് പിരിച്ചുവിട്ട ജീവനക്കാരെ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ ത്രെഡ്സിൽ നിയമിച്ചതായി ആരോപിച്ച് എലോൺ മസ്‌കിന്റെ അഭിഭാഷകൻ രംഗത്തെത്തിയിരുന്നു. മെറ്റാ അതിന്റെ ത്രെഡ്‌സ് എന്ന ടെക്‌സ്‌റ്റ് അധിഷ്‌ഠിത ആപ്പ് പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ആരോപണങ്ങളുമായി അഭിഭാഷകൻ രംഗത്ത് വന്നത്. മസ്‌കിന്റെ അഭിഭാഷകൻ അലക്‌സ് സ്‌പിറോ, മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന് കത്ത് അയച്ചിരുന്നു.
കമ്പനി ഒരു “കോപ്പികാറ്റ്” ആപ്പ് സൃഷ്‌ടിക്കാനായി “ഡസൻ കണക്കിന് വരുന്ന മുൻ ട്വിറ്റർ ജീവനക്കാരെ” നിയോഗിച്ചിട്ടുണ്ടെന്നാണ് കത്തിൽ പറയുന്നത്. ഈ ജീവനക്കാരിൽ ചിലർക്ക് ഇപ്പോഴും ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളിലേക്കും രഹസ്യ വിവരങ്ങളിലേക്കും ആക്‌സസ് ഉണ്ടെന്നും അവർ ട്വിറ്റർ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും തെറ്റായി സൂക്ഷിച്ചിരിക്കാമെന്നും കത്തിൽ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് ട്വിറ്റർ ഗുരുതരമായ ആശങ്കകളും പ്രകടിപ്പിച്ചിട്ടുണ്ട്.