KeralaNewsPolitics

‘വിഎസ് പോയത് ആർഎസ്എസിന്റെ വോട്ട് ചോദിക്കാനല്ല’,വി.എസിന്റെ പ്രസംഗം പങ്കുവെച്ച് വിഡി സതീശന് തോമസ് ഐസകിന്റെ മറുപടി

തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടിയില്‍ വിഡി സതീശന് എതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. അതേ പരിപാടിയില്‍ വിഎസ് അച്യുതാനന്ദന്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനത്തെ വിഡി സതീശന്‍ പ്രതിരോധിച്ചത്. എന്നാല്‍ വിഎസ് അന്ന് ആ പരിപാടിയില്‍ പങ്കെടുത്തത് ആർഎസ്എസിന്റെ വോട്ട് ചോദിക്കാനോ സ്യൂഡോ സെക്കുലറിസ്റ്റുകളെ കളിയാക്കാനോ ആയിരുന്നില്ലെന്ന് തോമസ് ഐസക് പറയുന്നു. ആർഎസ്എസിനെ തുറന്നു കാണിക്കുന്നതിനായിരുന്നു വിഎസ് പരിപാടിയിൽ പങ്കെടുത്തത് എന്നും തോമസ് ഐസക് വ്യക്തമാക്കി.

തോമസ് ഐസകിന്റെ കുറിപ്പ്: ‘ സ. വി.എസ്. അച്യുതാനന്ദൻ ‘സ്വാമി വിവേകാനന്ദനും പ്രബുദ്ധകേരളവും’ എന്ന പുസ്തക പ്രകാശനത്തിന് ഭാരതീയ വിചാരകേന്ദ്രം ചടങ്ങിൽ പങ്കെടുത്തത് ചൂണ്ടിക്കാണിച്ചിട്ടാണല്ലോ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വോട്ട് അഭ്യർത്ഥിക്കാനും അല്ലാതെയും താൻ ആർഎസ്എസ് വേദിയിൽ പോയ കാര്യം ന്യായീകരിക്കുന്നത്. രണ്ടുപേരുടെയും ഫോട്ടോകളിട്ട് രാഷ്ട്രീയക്കാരെല്ലാം ഒരുപോലെ അവസരവാദികളാണെന്നു സ്ഥാപിക്കാനും ചിലർ ഇറങ്ങിയിട്ടുണ്ട്. സ. വി.എസ്. അച്യുതാനന്ദൻ ചടങ്ങിൽ പോയത് എന്തിനെന്ന് അന്ന് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ നിന്നു വ്യക്തമാണ്. ആർഎസ്എസിന്റെ വോട്ട് ചോദിക്കാനോ സ്യൂഡോ സെക്കുലറിസ്റ്റുകളെ കളിയാക്കാനോ ആയിരുന്നില്ല. മറിച്ച് ആർഎസ്എസിനെ തുറന്നു കാണിക്കുന്നതിനായിരുന്നു.

വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് സ. വി.എസ്. അച്യുതാനന്ദന്‍ 13-03-2013-ൽ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം. “സ്വാമി വിവേകാനന്ദനും പ്രബുദ്ധകേരളവും എന്ന ഗ്രന്ഥം ഏറെ സന്തോഷത്തോടെ ഏറ്റുവാങ്ങിയതായി അറിയിക്കുന്നു. വിവേകാനന്ദനെക്കുറിച്ച് പല കാലഘട്ടങ്ങളിലായി മലയാളത്തില്‍ എഴുതപ്പെട്ട ലേഖനങ്ങളും കവിതകളും മലയാളികള്‍ എഴുതിയ ഇംഗ്ലീഷ് ലേഖനങ്ങളുമെല്ലാം സംഘടിപ്പിച്ച് ഈ പുസ്തകം ഒരുക്കിയ ശ്രീ. പി.പരമേശ്വരനെ ഞാന്‍ അഭിനന്ദിക്കുന്നു. വിവേകാനന്ദനെക്കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങള്‍ക്ക് ഇതില്‍ സ്ഥാനം നല്‍കിയിട്ടുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. ഭാരതീയ വിചാരകേന്ദ്രത്തിൻറെയും ശ്രീ. പി.പരമേശ്വരന്റെയും വീക്ഷണത്തിലുള്ള വിവേകാനന്ദനെ മാത്രമല്ല, മറിച്ചുള്ള വീക്ഷണത്തിലുള്ള വിവേകാനന്ദനെയും ഈ പുസ്തകത്തില്‍ കാണാം.

സ്വാമി വിവേകാനന്ദന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികവും അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനത്തിന്റെ നൂറ്റിരുപത്തൊന്നാം വാര്‍ഷികവുമാണിത്. ജാതി വിവേചനത്തിന്റെയും അനാചാരങ്ങളുടെയും ഒരു ഭ്രാന്താലയമാണ് കേരളം എന്ന് സ്വന്തം അനുഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് 121 വര്‍ഷം മുമ്പ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വെറുതെ അഭിപ്രായം പറയുകയല്ല, നിശിതമായി ആക്ഷേപിക്കുകയും ഈ അവസ്ഥയില്‍ നിന്ന് മലബാറുകാര്‍ അഥവാ കേരളീയര്‍ മാറാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഇതര ഇന്ത്യക്കാര്‍ അവരെ വെറുപ്പോടെയേ കാണാവൂ എന്നുവരെ അദ്ദേഹം പറയുകയുണ്ടായി. മൈസൂരില്‍ ഡോക്ടര്‍ പവിൽപ്പുവിന്റെ വീട്ടില്‍ സന്ദര്‍ശനത്തി നെത്തിയ സ്വാമിയോട് പൽപ്പു കേരളത്തിന്റെ സാമൂഹ്യ ദുരവസ്ഥ ബോധ്യപ്പെടു ത്തുകയുണ്ടായി. പിന്നീട് കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേ കൊടുങ്ങല്ലൂര്‍ ദേവീക്ഷേത്രത്തിലെത്തിയ വിവേകാനന്ദന് ജാതി പറയാന്‍ തയ്യാറല്ലാത്തതിനാല്‍ അവിടെ പ്രവേശനം ലഭിച്ചില്ല. ജാതിരാക്ഷസന്റെ ക്രൂരത നേരിട്ട് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഈ ദുരവസ്ഥയില്‍ നിന്ന് രക്ഷനേടാന്‍ സംഘടിത ശ്രമം വേണമെന്നും അതിന് ഒരു ആധ്യാത്മിക ഉള്ളടക്കം വേണമെന്നും ഡോക്ടര്‍ പല്പുവിനെ ഉപദേശിച്ചത് സ്വാമി വിവേകാനന്ദനാണ്. ശ്രീനാരായണ ധര്‍മ്മപരിപാലന യോഗത്തിന് തുടക്കംകുറിക്കാന്‍ നേതൃത്വം നല്‍കുന്നതിന് ഡോക്ടര്‍ പൽപ്പുവിൻറെ പ്രചോദനം അതാണ്. ബംഗാളില്‍ വിദ്യാഭ്യാസം നടത്തിയ കുമാരനാശാനാകട്ടെ, വിവേകാനന്ദ തത്വങ്ങളില്‍ ഏറെ ആകൃഷ്ടനായിരുന്നു. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന സന്ദേശം നല്‍കി ക്കൊണ്ട് ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തി നാലാണ്ടിനുശേഷമാണ് വിവേകാനന്ദന്‍ കേരളത്തില്‍ വരുന്നത്. ശ്രീനാരായണ ഗുരുവിന്റെ ഉത്തമ ശിഷ്യനായ ഡോക്ടര്‍ പൽപ്പുവും കുമാരനാശാനും ചേര്‍ന്ന് എസ്.എന്‍.ഡി.പി യോഗം എന്ന മഹാപ്രസ്ഥാനത്തിന് രൂപംനല്‍കിയതില്‍ വിവേകാനന്ദന്റെ പ്രചോദനം വളരെ വലുതാണെന്നാണ് സൂചിപ്പിക്കുന്നത്. യോഗത്തിന്റെ മുഖപത്രത്തിന്റെ പേര് വിവേകോദയം എന്നായതും യാദൃഛികമല്ല. ഇവിടെ പ്രകാശനം ചെയ്ത പുസ്തക ത്തില്‍ കവിതകളും ലേഖനവുമായി കുമാരനാശാന്റെ നാലോ അഞ്ചോ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ശ്രീ. പി.പരമേശ്വരനും ഭാരതീയവിചാരകേന്ദ്രവും സംഘപരിവാറും വിവേകാനന്ദനെ ഒരു സങ്കുചിത അറയില്‍ അടക്കാനാണ് ശ്രമിച്ചുപോന്നിട്ടുള്ളത്. ഇപ്പോള്‍ സംഘപരിവാര്‍, ഹിന്ദുത്വത്തിന്റെ ആചാര്യനാണ് സ്വാമി എന്ന സങ്കുചിത അവകാശവാദം ഉന്നയിക്കുന്നു. സംശയമില്ല, ഹിന്ദുമതത്തിന്റെ ഏകോപനത്തിനും നവീകരണത്തിനും വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ജീവിത നിഷേധിയായ ആത്മീയവാദത്തിനും ഹിന്ദുമതത്തിലെ വര്‍ണാശ്രമചൂഷണത്തിനും അനീതിക്കുമെതിരെ ആഞ്ഞടിക്കാന്‍ തയ്യാറായി എന്നതാണ് സ്വാമി വിവേകാനന്ദന്റെ മഹത്വം. ഈശ്വരനല്ല, മനുഷ്യനായിരുന്നു വിവേകാനന്ദന്റെ പ്രഥമ പരിഗണാവിഷയം. പട്ടിണി കിടക്കുന്ന മനുഷ്യരുടെ നേര്‍ക്ക് മതം നീട്ടി കാണിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വിവേകാനന്ദന്‍ ചൂണ്ടിക്കാട്ടി. ആത്മാവിന്റെ ദാരിദ്ര്യ ത്തെക്കുറിച്ച് പ്രസംഗിക്കുന്ന സന്യാസിമാരോട് അദ്ദേഹം ചോദിച്ചത് അവരുടെ യഥാര്‍ഥ വിശപ്പ് മാറ്റാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നാണ്.

പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും അവരെ അഭ്യസ്തവിദ്യരാക്കാനും അങ്ങനെ നമ്മുടെ ചുറ്റുപാടുമുള്ള കഷ്ടപ്പാടുകളെ ദുരീകരിക്കാനുമുളള ശക്തി ഉണ്ടാക്കിത്തരുന്ന ഒരു മതമാണ് നമുക്ക് വേണ്ടത്. നിങ്ങള്‍ക്ക് ദൈവത്തെ കാണണമെന്നുണ്ടെങ്കില്‍ മനുഷ്യനെ സേവിക്കുക – അതായിരുന്നു വിവേകാനന്ദന്റെ തത്വം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യകാലത്ത് യൂറോപ്പില്‍ പ്രചാരം സിദ്ധിച്ചുവന്ന നൂതനാശയങ്ങള്‍ സ്വാംശീകരിക്കാനും വിവേകാനന്ദന് കഴിഞ്ഞു. സോഷ്യലിസ്റ്റ് ആശയങ്ങളെക്കുറിച്ച് അദ്ദേഹം ആഴത്തില്‍ മനസ്സിലാക്കുകയും ചെയ്തു. ”ശൂദ്രന് പ്രാധാന്യം ലഭിക്കുന്ന ഒരുകാലം വരും. ശൂദ്രന്റെതായ ധര്‍മ്മ കര്‍മങ്ങളോടൊപ്പം എല്ലായിടത്തും ശൂദ്രന്മാര്‍ സമൂദായത്തില്‍ മേധാവിത്വം നേടും. അതിന്റെ പ്രാരംഭങ്ങളാണ് പാശ്ചാത്യലോകത്തില്‍ മെല്ലെ മെല്ലെ ഉദിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഫലാഫലങ്ങളെക്കുറിച്ച് എല്ലാവരും വ്യാകുലരാണ്. ഈ വിപ്ലവത്തിന്റെ കൊടിയടയാളങ്ങളിലൊന്നാണ് സോഷ്യലിസം”- എന്ന് വിവേകാന്ദന്‍ ചൂണ്ടിക്കാട്ടിയത് സോഷ്യലിസത്തെക്കുറിച്ച് ഇന്ത്യയില്‍ മറ്റാരും സംസാരിക്കുന്നതിനു മുമ്പാണ്. വിവിധ ജാതി-മത വിശ്വാസികളായ പാവങ്ങളെ, പ്രോലിറ്റേറിയറ്റി നെയാണ് ശൂദ്രന്മാര്‍ എന്ന് അദ്ദേഹം വിവക്ഷിച്ചത്.

തൊഴിലാളികള്‍ പ്രവൃത്തി നിര്‍ത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഭക്ഷണം, തുണി മുതലായതു കിട്ടുന്നത് നില്‍ക്കും. എന്നിട്ടും നിങ്ങള്‍ അവരെ താണവരായി കണക്കാക്കുകയും നിങ്ങളുടെ സംസ്‌ക്കാരം ഉന്നതമെന്നവകാശപ്പെട്ട് അഹങ്കരിക്കു കയും ചെയ്യുന്നു എന്ന് സവര്‍ണരും ധനികരുമായ ചൂഷകരെ കുറ്റപ്പെടുത്തുകയും ചൂഷണത്തിനിരയാകുന്ന താണവര്‍ഗക്കാര്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍ ഐക്യമുന്നണി രൂപീകരിച്ചു കൊണ്ടിരിക്കുകയാണെന്നും, ഉയര്‍ന്ന വര്‍ഗക്കാര്‍ക്ക് ഇനിമേലില്‍ എത്ര തന്നെ ശ്രമിച്ചാലും താഴ്ന്ന വര്‍ഗക്കാരെ അമര്‍ത്തിവെക്കാന്‍ സാധിക്കുകയില്ലെന്നും വിവേകാനന്ദന്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഇന്ത്യയില്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ രൂപപ്പെടുക പോലും ചെയ്യുന്നതിന് മുന്‍പാണ് സ്വാമി വിവേകാനന്ദന്‍ തൊഴിലാളിവര്‍ഗത്തിന്റെ അജയ്യതയെക്കുറിച്ച് പ്രഖ്യാപനം ചെയ്തത്. മതപരമായ സങ്കുചിത അറയില്‍ തളച്ചിടാവുന്ന വ്യക്തിത്വമല്ല വിവേകാനന്ദന്റേത്. മനുഷ്യസ്‌നേഹത്തിന്റെയും മാനവ ഐക്യത്തിന്റെയും സ്ഥിതി സമത്വത്തിന്റെയും അജയ്യമായ മനുഷ്യമുന്നേറ്റത്തിന്റെയും പ്രതീകങ്ങ ളിലൊന്നാ ണ് വിവേകാനന്ദന്‍. വിവേകാനന്ദനെ സാംസ്‌കാരിക ദേശീയതയുടെയും ഇപ്പോഴത്തെ അര്‍ഥത്തിലുളള ഹിന്ദുത്വത്തിന്റെയും പ്രതീകമായി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമത്തെ പരാജയപ്പെടുത്തുന്നതിന് ഈ പുസ്തകത്തിന്റെ ശരിയായ പഠനം സഹായകമാകുമെന്ന് കരുതുന്നു.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker