ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കും, ബജറ്റവതരണം തുടങ്ങി
തിരുവനന്തപുരം ∙ മന്ത്രി ടി.എം. തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങി. ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കും, ഏപ്രിൽ മുതൽ ലഭിക്കുമെന്നു തോമസ് ഐസക് പറഞ്ഞു.പാലക്കാട് കുഴൽമന്ദം ഏഴാം ക്ലാസുകാരി സ്നേഹ എഴുതിയ കവിതയോടെയാണു പ്രസംഗം ആരംഭിച്ചത്. തോൽക്കാൻ മനസിലാത്ത ഒരു ജനതയുടെ പോരാട്ടം ലോകം അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്. സർക്കാർ ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും ഐസക് പറഞ്ഞു. കോവിഡ് പോരാട്ടത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണു പ്രസംഗം.
ഇൗ സർക്കാരിന്റെ അവസാന ബജറ്റാണിത്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങളും കഴിഞ്ഞ നാലര വർഷത്തെ നേട്ടങ്ങളും ഉൾക്കൊള്ളിച്ചുള്ളതായിരിക്കും ബജറ്റ്. പിണറായി സർക്കാരിന്റെ ആറാമത്തെയും മന്ത്രി ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റാണിത്. ഒരു വർഷം കൊണ്ടു നടപ്പാക്കേണ്ട പദ്ധതികളാണ് പ്രഖ്യാപിക്കുകയെങ്കിലും സർക്കാർ അധികാരമൊഴിയുന്നതിനാൽ 4 മാസത്തെ ചെലവുകൾക്കാവശ്യമായ വോട്ട് ഓൺ അക്കൗണ്ടേ പാസാക്കൂ.
ക്ഷേമ പെൻഷൻ വർധന, റബറിന്റെയും തേങ്ങയുടെയും നെല്ലിന്റെയും സംഭരണ വില വർധന, കുട്ടികൾക്കു സൗജന്യ ഇന്റർനെറ്റ്, കൃഷി മേഖലയ്ക്കും തൊഴിൽ നഷ്ടപ്പെട്ടവർക്കും പ്രവാസികൾക്കും പാക്കേജുകൾ തുടങ്ങിയവയാണു ബജറ്റിലെ മുഖ്യ പ്രതീക്ഷകൾ. നികുതി വർധനകളില്ല. മോട്ടർ വാഹന നികുതി പുനഃക്രമീകരിക്കും. ബാറുകളുടെ വിറ്റുവരവ് നികുതി 10ൽ നിന്ന് ബവ്റിജസ് കോർപറേഷന്റെ നിരക്കായ 5 ശതമാനത്തിലേക്കു താഴ്ത്തിയേക്കും.