തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തെ ചൊല്ലി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള പോര് രൂക്ഷമാവുകയാണ്. കേരള മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം പറഞ്ഞ ശശി തരൂര്‍ എംപിക്കെതിരെ രമേശ് ചെന്നിത്തല നടത്തിയ രൂക്ഷ പ്രതികരണത്തിന് പിന്നാലെയാണ് നേതാക്കള്‍ പരസ്യ പോര് തുടങ്ങിയത്. തരൂരിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി നേതാക്കളാണ് രംഗത്തെത്തിയത്.
ഇപ്പോഴിതാ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കെഎസ് ശബരീനാഥനും തരൂരിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ‘ഈ കോട്ട് എന്തായാലും അദ്ദേഹത്തിന് ഇണങ്ങും’ എന്നാണ് തരൂരിന്‍റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് ശബരി കുറിച്ചത്.
ഒരു സ്വകാര്യ ചാനലിന്‍റെ വാര്‍ത്താ താരത്തിനുള്ള പുരസ്കാര ജേതാവായ ഡോ. ശശി തരൂരിനെ അഭിനന്ദിച്ചുള്ള പോസ്റ്റിലാണ് ശബരീനാഥന്‍ തരൂരിന് പരോക്ഷ പിന്തുണയുമായി രംഗത്തെത്തിയത്. എഐസിസി അധ്യക്ഷ പദവിയിലേക്ക് തരൂര്‍ മത്സരിച്ചപ്പോഴും പരസ്യപിന്തുണയുമായി ശബരീനാഥന്‍ രംഗത്തെത്തിയിരുന്നു.
അതേസമയം തരൂരിനെതിരെ രൂക്ഷ വിമര്‍ശനമാണ് യൂത്തു കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ നടത്തിയത്. ഒരാൾ തെരുവിൽ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിക്കുന്നു, സമുദായ നേതാക്കളെ കാണുന്നു, ഇതിന് പാർട്ടി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നായിരുന്നു ഷാഫി പറമ്പിലിന്‍റെ ചോദ്യം. ശശി തരൂരിനെ പേരെടുത്ത് പറയാതെയാണ് ഷാഫിയുടെ വിമര്‍ശനം.
മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച തരൂരിന് മറുപടിയുമായി ചെന്നിത്തല എത്തിയതോടെയാണ് കോണ്‍ഗ്രസിലെ പുതിയ വിവാദങ്ങളുടെ തുടക്കം. നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു തരൂരിന്റെ മുഖ്യമന്ത്രി മോഹത്തോടുള്ള ചെന്നിത്തലയുടെ പ്രതികരണം.
എന്നാല്‍ മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന് തരൂർ തിരിച്ചടിച്ചു. ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ല. കേരളത്തിൽ കൂടുതൽ ക്ഷണം കിട്ടുന്നുണ്ട്. നാട്ടുകാർ തന്നെ കാണാൻ ആഗ്രഹിക്കുന്നു, താൻ പരിപാടികളിൽ പങ്കെടുക്കുമെന്നും തരൂർ വ്യക്തമാക്കി.
രമേശ് ചെന്നിത്തലയ്ക്കെതിരെ പരിഹാസവുമായി കെ മുരളീധരൻ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നവർക്ക് പ്രത്യേക കുപ്പായം ഉണ്ടോയെന്ന് ചോദിച്ച കെ മുരളീധരൻ, തലേന്നിട്ട ഡ്രസ് അലക്കിയാണ് സാധാരണ സത്യപ്രതിജ്ഞ ചെയ്യാറുള്ളതെന്നും പരിഹസിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് സ്യൂട്ട് ഇട്ടായിരുന്നു സത്യപ്രതിജ്ഞയെന്ന് കേട്ടിട്ടുണ്ട്. അതൊക്കെ പോയി, ഇപ്പോൾ ജനാധിപത്യമല്ലെയെന്നും കെ മുരളീധരൻ ചോദിച്ചു. ശശി തരൂർ കേരളത്തിൽ സജീവമാകുന്നതിൽ ആർക്കും എതിർപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.