തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ച തിരുവനന്തപുരത്ത് എ.ആര്‍ ക്യാമ്പിലെ പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ടെയ്ന്‍മെന്റ് സോണില്‍ ജോലി ചെയ്ത പോലീസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കിക്കൊണ്ട് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉത്തരവിറക്കിയിട്ടുണ്ട്. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 17 വഴുതൂര്‍, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് തളയല്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാര്‍ഡ് 66 പൂന്തുറ, വാര്‍ഡ് 82 വഞ്ചിയൂര്‍ മേഖലയിലെ അത്താണി ലെയിന്‍, പാളയം മാര്‍ക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിംഗ് കോംപ്ലക്‌സ്, റസിഡന്‍ഷ്യല്‍ ഏരിയ പാരിസ് ലൈന്‍ 27 കൂടാതെ പാളയം വാര്‍ഡ്. എന്നിവടങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.
അതേസമയം തിരുവനന്തപുരത്ത് അതീവജാഗ്രത വേണ്ട സ്ഥിതിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രോഗം സ്ഥീരികരിച്ചവരുടെ സമ്പര്‍ക്കത്തിലുള്ളവരുടെ സ്രവപരിശോധന തുടങ്ങിയതായും എന്നാല്‍ തിരുവനന്തപുരം ജില്ല അടച്ചിടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അത്യാവശ്യത്തിന് മാത്രമെ ആളുകള്‍ നഗരത്തിലേക്ക് വരാവുയെന്നും എല്ലാവരും കര്‍ക്കശമായി സ്വയം തീരുമാനമെടുത്താല്‍ മാത്രമെ രോഗവ്യാപനം തടയാനാവൂയെന്നും കടകംപള്ളി പറഞ്ഞു. ഉറവിടം അറിയാത്താതായി 14 കേസുകളാണ് ഉള്ളതെന്നും ആന്റിജന്‍ ടെസ്റ്റ് ബ്ലോക്ക് തലത്തില്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം വി.എസ്,എസ്.സിയില്‍ എത്തുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കണം. തമിഴ്‌നാട് കര്‍ണാടകം ആന്ധ്ര തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് ശാസ്ത്രഞ്ജര്‍ തുടര്‍ച്ചായി വന്നുപോകുന്ന സ്ഥലമാണ്. എന്നിട്ടും ആളുകള്‍ വരുമ്പോഴും പോകുമ്പോഴും യാതൊരു പരിശോധയും നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.