തിരുവനന്തപുരത്ത് ആൾക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു
തിരുവനന്തപുരം :തിരുവല്ലത്ത് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദിച്ച മുട്ടയ്ക്കാട് സ്വദേശി അജേഷ് മരിച്ചു. അജേഷിനെ അതിക്രൂരമായി മർദിക്കുകയും ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പിക്കുകയുമായിരുന്നു. അജേഷിന്റ വീട്ടില്‍ വച്ചായിരുന്നു ആക്രമണം. ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.
40,000 രൂപയും മൊബൈല്‍ ഫോണും അജേഷ് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പ്രധാന പ്രതിയായ ജിനേഷ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ അജേഷിനെ പിടിച്ചുകൊണ്ടുപോയി വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദിച്ചത്.
അജേഷിന്റെ വീട്ടിൽ നിന്ന് ഫോണ്‍ കിട്ടാതെ വന്നതോടെ കമ്പുകൊണ്ട് അടിച്ച ശേഷം വെട്ടുകത്തി ചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയത്തിലും പൊള്ളിച്ചു.
മര്‍ദനത്തിന് ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച അജേഷ് വയലിലെത്തി അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് അജേഷ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍മാരും അജേഷിന്റെ അയല്‍വാസിയായ ഒരു യുവാവും അടക്കം അഞ്ച് പേരെയാണ് റിമാന്‍ഡ് ചെയ്തത്. തിരുവല്ലം സ്റ്റേഷനില്‍പ്പെട്ട വണ്ടിത്തടം ജങ്ഷനില്‍ വച്ചാണ് സംഭവം നടന്നത്.