കൊച്ചി:മലയാള സിനിമയിൽ ക്യാരക്ടർ റോളുകൾ ചെയ്യുന്നതിൽ മികവ് പുലർത്തിയ നടനാണ് സിദ്ദിഖ്. സിനിമയിൽ വർഷങ്ങളായുള്ള സജീവ സാന്നിധ്യമായ നടൻ സഹനായകനായും വില്ലനായും നിരവധി സിനിമകളിൽ അഭിനയിച്ചു. സിദ്ദിഖിന്റെ തുടക്ക കാലം കോമഡി വേഷങ്ങളിലൂടെ ആയിരുന്നു.
ഇൻ ഹരിഹർ നഗർ ഉൾപ്പെടെയുള്ള നിരവധി സിനിമകളിൽ സിദ്ദിഖ് ചെയ്ത വേഷം ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. കരിയറിന്റെ ഒരു ഘട്ടത്തിൽ വില്ലൻ വേഷങ്ങൾ സിദ്ദിഖിനെ തേടി കൂടുതലായി എത്തി.
പോക്കിരിരാജ, നരൻ തുടങ്ങിയ സിനിമകളിൽ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർതാരങ്ങളുടെ വില്ലനായി സിദ്ദിഖ് എത്തി. എന്നാൽ വില്ലൻ റോളുകളിൽ കുടങ്ങാതെ വ്യത്യസ്തമായ വേഷങ്ങളും സിദ്ദിഖ് തെരഞ്ഞെടുത്തു. അടുത്ത കാലത്താണ് വ്യത്യസ്തമായ നിരവധി റോളുകൾ സിദ്ദിഖിനെ തേടി വന്നത്.
ഇപ്പോഴിതാ തന്റെ കൈയിൽ നിന്നും നഷ്ടമായ ഒരു കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിദ്ദിഖ്. അയ്യപ്പനും കോശിയിലെയും രഞ്ജിത്ത് ചെയ്ത വേഷമാണ് സിദ്ദിഖിന് നഷ്ടപ്പെട്ടത്.
‘അയ്യപ്പനും കോശിയിലും പൃഥിരാജിന്റെ അച്ഛന്റെ റോൾ ഞാനായിരുന്നു അഭിനയിക്കേണ്ടത്. ആ സമയത്ത് ഞാൻ മോഹൻകുമാർ ഫാൻസ് എന്ന സിനിമയിൽ അഭിനയിക്കുകയാണ്. മോഹൻകുമാർ ഫാൻസ് തുടങ്ങാൻ കുറച്ച് വൈകി. ജിസ് മോനോട് ഞാൻ പറയുന്നുണ്ട്. ഇക്ക പോയാൽ ശരിയാവില്ലെന്ന് പറഞ്ഞു. മുഴുനീള റോളാണ്’
‘രഞ്ജിത്ത് ഇടയ്ക്ക് എന്നെ വിളിക്കുന്നുണ്ട്, ഇതൊന്ന് ഒതുക്കിയിട്ട് വരാം എന്ന് പറഞ്ഞു. സച്ചി അത്രയും നല്ല രീതിയിലാണ് ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞ് എന്റെ തലയിൽ കയറ്റി വെച്ചിരിക്കുന്നത്. പക്ഷെ അവർക്ക് ഒരു ദിവസം ഈ കഥാപാത്രത്തിന്റെ സീൻ എടുത്തേ പറ്റുള്ളൂ’
‘പൃഥിരാജുമെല്ലാമുള്ള കോമ്പിനേഷൻ രംഗമാണ്. നാളെ എത്തിയേ പറ്റുള്ളൂ എന്ന് പറഞ്ഞു. പക്ഷെ പോവാൻ ഒരു രീതിയിലും പറ്റിയില്ല. അങ്ങനെ അവസാന നിമിഷം രഞ്ജിത്താണ് അത് അഭിനയിക്കുന്നത്’
‘രഞ്ജിത്ത് അഭിനയിച്ച് കഴിഞ്ഞും എന്നെ വിളിച്ച് ചീത്ത പറയും. ചില ഡയലോഗുകൾ പറയുമ്പോൾ എനിക്ക് നിന്നെ ചവിട്ടി കൊല്ലാൻ തോന്നുന്നു എന്ന്. ഞാൻ പറഞ്ഞു, രഞ്ജീ അത് ഞാൻ ചെയ്താൽ വേറെ രീതിയിൽ ആയിരിക്കും രഞ്ജിത്ത് ചെയ്താൽ വേറെ രീതിയിൽ ആയിരിക്കും. രഞ്ജിത്ത് ചെയ്തതിൽ പുതുമ ഉണ്ടെന്ന്’
‘നീ ആ വർത്തമാനം ഒന്നും പറയേണ്ട നീ അന്ന് വന്നില്ല, എന്നെ ചതിച്ചതാണെന്ന് പറഞ്ഞ് ഇപ്പോഴും വഴക്ക് പറയും. സിനിമ ഇറങ്ങിയപ്പോഴും അതിന് മുമ്പും ആ കഥാപാത്രം ചെയ്യാൻ പറ്റാതായിപ്പോയതിൽ വിഷമം ഉണ്ട്,’ സിദ്ദിഖ് പറഞ്ഞു.
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും 2020 ലാണ് പുറത്തിറങ്ങിയത്. വൻ വിജയമായ സിനിമ നിരവധി പുരസ്കാരങ്ങളും നേടി. പൃഥിരാജ്, ബിജു മേനോൻ, രഞ്ജിത്ത്, അനിൽ നെടുമങ്ങാട്, ഗൗരി നന്ദ, അന്ന രാജൻ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നാല് ദേശീയ പുരസ്കാരങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. മികച്ച സംവിധായകൻ, സഹ നടൻ, പിന്നണി ഗായിക, സ്റ്റണ്ട് കൊറിയോഗ്രാഫർ എന്നീ പുരസ്കാരങ്ങൾ അയ്യപ്പനും കോശിയും സ്വന്തമാക്കി.