മുംബൈ: മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന് ന്യൂസിലന്‍ഡിനെതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകൾക്കുള്ള ടീമിൽ ഇടം നേടാനായിരുന്നില്ല. ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്‍റി 20ക്കിടെ പരിക്കേറ്റ സഞ്ജുവിന് പരമ്പരയിൽ പിന്നീട് വിശ്രമം നൽകിയിരുന്നു.
ന്യൂസിലന്‍ഡ് പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന്‍റെ പരിക്കിനെ കുറിച്ച് ബിസിസിഐ വാര്‍ത്താക്കുറിപ്പിൽ ഒന്നും വ്യക്തമാക്കിയിട്ടില്ല. ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ടീമിൽ എത്താനുള്ള സഞ്ജുവിന്‍റെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ് ബിസിസിഐ തീരുമാനം.
ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെയാണ് സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചത്. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അസമിനെതിരെ വെടിക്കെട്ട് ട്രിപ്പിള്‍ സെഞ്ചുറി നേടിയ മുംബൈയുടെ യുവതാരം പൃഥ്വി ഷാ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടി20 ടീമില്‍ തിരിച്ചെത്തിയതാണ് ശ്രദ്ധേയം.
ടീമില്‍ താരബാഹുല്യമായതിനാല്‍ ഷായെ ഉള്‍പ്പെടുത്തിയേക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പരിക്കില്‍ നിന്ന് മോചിതരാകാത്ത പേസര്‍ ജസ്പ്രീത് ബുമ്രയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സഞ്ജു സാംസണിനൊപ്പം ടീമില്‍ ഇടം ലഭിച്ചില്ല.
ട്വന്‍റി 20 ക്രിക്കറ്റിലെ തലമുറമാറ്റം ഉറപ്പിക്കുന്നതാണ് ടീം പ്രഖ്യാപനം. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെ കിവീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ശ്രീലങ്കയ്ക്ക് എതിരെ പരമ്പര ജയം സമ്മാനിച്ച ഹാര്‍ദിക് പാണ്ഡ്യ ട്വന്‍റി 20 ക്യാപ്റ്റനായി തുടരും. ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ട്വന്‍റി 20യില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ സഞ്ജു സാംസണിന് അവശേഷിച്ച രണ്ട് മത്സരങ്ങള്‍ നഷ്ടമായിരുന്നു. സഞ്ജുവിന് പകരം ടീമിലെത്തിയ ജിതേഷ് ശര്‍മ്മ ന്യൂസിലന്‍ഡിന് എതിരായ ടി20 പരമ്പരയിലും തുടരും. സഞ്ജുവിന് കൂടുതല്‍ മത്സരങ്ങള്‍ നഷ്‌ടമാകുന്നത് ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഇടംനേടാനുള്ള പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവും.
ട്വന്‍റി 20 സ്‌ക്വാഡ്: ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്(വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ജിതേഷ് ശര്‍മ്മ(വിക്കറ്റ് കീപ്പര്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, ശിവം മാവി, പൃഥ്വി ഷാ, മുകേഷ് കുമാര്‍.