പാലക്കാട്: തേങ്കുറിശി ദുരഭിമാനക്കൊലയുടെ ഞെട്ടലില്‍ നിന്ന് കേരളം ഇതുവരെ മുക്തരായിട്ടില്ല. അതിനിടെ കൊലപാതകത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഹരിത വീട്ടിലെത്തിയാല്‍ അനീഷിന്റെ കുടുംബത്തിനു പണം നല്‍കാമെന്നു ഹരിതയുടെ മുത്തച്ഛന്‍ പറയുന്ന ശബ്ദരേഖയാണു പുറത്തായത്. ഹരിതയും മുത്തച്ഛന്‍ കുമരേഷനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണിത്.
കേസിലെ പ്രതികള്‍ അനീഷിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടത്തിയതായി അനീഷിന്റെ അമ്മ രാധ വെളിപ്പെടുത്തിയിട്ടുണ്ട്. സ്ത്രീധനം ചോദിച്ചുവെന്ന് കാണിച്ചു കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതുടെ കുടുംബം നോട്ടീസയച്ചിരുന്നുവെന്ന് രാധ പറഞ്ഞു. കൊലപാതകത്തിന്റെ സൂത്രധാരന്‍ ഹരിതയുടെ മുത്തച്ഛനാണ്. പ്രതികള്‍ക്കു വധശിക്ഷ തന്നെ നല്‍കണം. ഹരിതയെ സംരക്ഷിക്കുമെന്നും അനീഷിന്റെ അമ്മ പറഞ്ഞു.
ഹരിതയുടെ അമ്മാവന്‍ സുരേഷിന്റെയും പിതാവ് പ്രഭുകുമാറിന്റെയും പേരില്‍ വേറെയും കേസുകള്‍ നിലവിലുണ്ട്. ഒരു വര്‍ഷം മുമ്പ് പ്രദേശത്തെ കോളനി നിവാസികളെ വാള്‍ ഉപയോഗിച്ച് വെട്ടിയ കേസില്‍ ഇരുവരും ജയിലില്‍ കിടന്നിട്ടുണ്ട്. പണവും സ്വാധീനവും ഉപയോഗിച്ചാണ് പ്രതികള്‍ അന്ന് രക്ഷപെട്ടതെന്ന് അനീഷിന്റെ സഹോദരനും ആരോപിച്ചു.
വെള്ളിയാഴ് ച വൈകുന്നേരം ആറോടെ തേങ്കുറുശി മാങ്കുളത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇലമന്ദം ആറുമുഖന്റെ മകന്‍ അനീഷ് (അപ്പു 27) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യപിതാവ് പ്രഭുകുമാര്‍, ഭാര്യയുടെ അമ്മാവന്‍ സുരേഷ് എന്നിവരെയാണ് കുഴല്‍മന്ദം പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തിനുശേഷം ഒളിവില്‍ പോയിരുന്ന പ്രഭുകുമാറിനെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ നിന്നാണു പിടികൂടിയത്. സുരേഷ് നേരത്തേതന്നെ പിടിയിലായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ സഹോദരന്‍ അരുണിനൊപ്പം പോകുന്നതിനിടെ ഇലമന്ദം മാങ്കുളം ജംഗ്ഷനില്‍വച്ചാണ് പ്രഭുകുമാറും സുരേഷും അനീഷിനെ ആക്രമിച്ചത്. ആദ്യം രണ്ടു കാലുകളില്‍ വെട്ടിയശേഷം ഇരുമ്പുവടി കൊണ്ട് അനീഷിന്റെ തലയിലും ദേഹത്തും അടിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച അരുണിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. പിന്നീട് അനീഷിനെ കഴുത്തുഞെരിച്ച് സമീപത്തെ കനാലിലേക്കു തള്ളുകയായിരുന്നുവെന്നു ദൃക്‌സാക്ഷിയായ അരുണ്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അനീഷിനെ നാട്ടുകാരുടെ സഹായത്തോടെ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ സെപ്റ്റംബര്‍ 27നാണ് അനീഷും ബാല്യകാലം മുതല്‍ സുഹൃത്തായ ഹരിതയും തമ്മിലുള്ള രജിസ്റ്റര്‍ വിവാഹം നടന്നത്. താഴ്ന്ന ജാതിക്കാരനായ അനീഷിനെ വിവാഹം കഴിക്കുന്നതില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനു വലിയ എതിര്‍പ്പുണ്ടായിരുന്നു. എതിര്‍പ്പുകളെ മറികടന്നാണ് ഇരുവരും വിവാഹിതരായത്. ഇതിനുശേഷം അനീഷിനും കുടുംബത്തിനും എതിരേ പെണ്‍കുട്ടിയുടെ അമ്മാവന്‍ മുഖേന നിരന്തരം ഭീഷണികള്‍ ഉണ്ടായിരുന്നതായി പറയുന്നു. മൂന്നുമാസത്തിനുള്ളില്‍ അനീഷിനെ തീര്‍ക്കുമെന്നു അമ്മാവന്‍ പല തവണ ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ഭീഷണി ഭയന്ന് ഒന്നരമാസത്തോളം അനീഷ് ജോലിക്കു പോകാതെ വീടിനുള്ളില്‍തന്നെ ഇരിക്കുകയായിരുന്നു. അനീഷിനെ കുത്തി കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഹരിതയുടെ അമ്മാവന്‍ സുരേഷിന്റെ വീട്ടില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്.
https://youtu.be/t2fq2T8TBN4