അതെന്താ… മോഷ്ടാവിന് ഉറങ്ങാൻ പാടില്ലേ? ഉറങ്ങിക്കോ പക്ഷേ ഇങ്ങനെ ഉറങ്ങരുത് എന്നാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്ന ദൃശ്യത്തെ കുറിച്ച് ഏവർക്കും പറയാനുള്ളത്. സംഭവം വേറൊന്നുമല്ല, മോഷ്ടിക്കാ കയറിയ വീട്ടിൽ കിടന്ന് സുഖമായിട്ട് ഉറങ്ങിയിരിക്കുകയാണ് ഈ വൈറൽ കള്ളൻ, അതും പൊലീസുകാരൻ്റെ വീട്ടിൽ.
തായ്ലൻഡ് സ്വദേശി അതിത് കിൻ ഖുന്‍തഡ് എന്ന 22കാരനായ മോഷ്ടാവിനെ എസിയാണ് ചതിച്ചത്. ക്ഷീണവും എസിയുടെ തണുപ്പും കൂടി ആയപ്പോൾ യുവാവ് ഒന്നുമറിയാതെ സുഖമായി കിടന്ന് ഉറങ്ങുകയായിരുന്നു. വിച്ചിയാൻ ബുരി പൊലീസ് ഓഫീസറായ ജിയാം പ്രസേട്ട് എന്നയാളുടെ വീട്ടിലാണ് യുവാവ് മോഷ്ടിക്കാൻ കയറിയത്. മോഷണത്തിനായി അകത്ത് കയറി പൊലീസ് ഉദ്യോഗസ്ഥന്‍റെ മകളുടെ മുറിയിൽ എത്തി. ഇയാൾ ഏസി ഓണാക്കി വിശ്രമിക്കുകയായിരുന്നു. ഇതിനിടെ ഉറങ്ങിപ്പോവുകയും ചെയ്തു.
സുഖമായി കിടന്നുറങ്ങുകയായിരുന്ന മോഷ്ടാവിനെ പിറ്റേന്ന് പൊലീസുകാരനാണ് വിളിച്ചുണർത്തിയത്. മകൾ വീട്ടിൽ ഇല്ലാതിരുന്നിട്ടും അവളുടെ മുറിയിൽ എസി പ്രവർത്തിക്കുന്നത് കണ്ട് നോക്കിയ ജിയാമാണ് കിടക്കയിൽ സുഖമായി ഉറങ്ങുന്ന അതിതിനെ കാണുന്നത്. പൊലീസ് സംഘത്തെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഇയാള്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.